വിദ്യാർത്ഥികളുടെ അക്കൗണ്ട് മറയാക്കി സൈബർ തട്ടിപ്പ്

Sunday 03 November 2024 1:39 AM IST

തൃശൂർ: സോഷ്യൽ മീഡിയയിൽ കണ്ട ലിങ്കിൽ ക്ലിക്ക് ചെയ്തതിനെ തുടർന്ന് ഷെയർ ട്രേഡിംഗ് സംബന്ധിച്ച ഓൺലൈൻ പരിശീലനത്തിൽ പങ്കെടുത്ത തൃശൂരിലെ ബി.കോം വിദ്യാർത്ഥിയെ തേടിയെത്തിയത് തെലങ്കാന പൊലീസിന്റെ കത്ത്. വിദ്യാർത്ഥിയുടെ അക്കൗണ്ട് വഴി സൈബർ തട്ടിപ്പുകാർ പന്ത്രണ്ട് ലക്ഷത്തോളം രൂപ ഇടപാട് നടത്തിയെന്നാണ് ലഭിച്ച കത്തിന്റെ ഉള്ളടക്കം.
കത്ത് ലഭിച്ചപ്പോഴാണ് വിദ്യാർത്ഥി വിവരമറിയുന്നത്. ഇപ്പോൾ കേസിൽ നിന്ന് രക്ഷപ്പെടാൻ അലയുകയാണ് വിദ്യാർത്ഥിയും കുടുംബവും. തെലങ്കാനയിൽ അഭിഭാഷകനെ നിയോഗിച്ച് കേസ് നടത്തേണ്ടിവരും. തെലങ്കാനയിലായതിനാൽ കേസ് നടത്താനുള്ള പരിമിതികളും കുടുംബത്തെ അലട്ടുന്നു. ഷെയർ ട്രേഡിംഗ് പഠനവിഷയമായ വിദ്യാർത്ഥി പഠനത്തോടൊപ്പം ചെറുവരുമാനം നേടാനാണ് ശ്രമിച്ചത്. തട്ടിപ്പുകാർ അയച്ചുകൊടുത്ത ലിങ്ക് ഉപയോഗിച്ചാണ് പുതുതലമുറ ബാങ്കിൽ അക്കൗണ്ട് തുടങ്ങിയത്. ക്ലാസിനിടെ സൂത്രത്തിൽ, യൂസർനെയിം, പാസ്‌വേഡ് ഉൾപ്പെടെയുള്ള വിവരങ്ങൾ ചോർത്തി. തുടർന്നാണ് ഇടപാട് നടത്തിയത്. സമാന രീതിയിലുള്ള തട്ടിപ്പ് സംസ്ഥാനത്ത് കൂടുന്നതായി സൈബർ പൊലീസ് പറയുന്നു.
പോക്കറ്റ് മണിക്കായി അക്കൗണ്ട് വാടകയ്ക്ക് നൽകുന്ന വിദ്യാർത്ഥികളുമുണ്ട്. അക്കൗണ്ടിലെത്തുന്ന പണം തട്ടിപ്പുകാരുടെ കണ്ണികൾക്ക് പിൻവലിച്ചു നൽകുകയോ നിർദ്ദേശിക്കുന്ന അക്കൗണ്ടിൽ നിക്ഷേപിക്കുകയോ ചെയ്താൽ കമ്മിഷൻ ലഭിക്കും. മലപ്പുറം കോട്ടയ്ക്കൽ കാവതിക്കളം സ്വദേശി മുഹമ്മദ് ഹുസൈന് (24) അക്കൗണ്ടിൽ വന്ന നാല് ലക്ഷം പിൻവലിച്ച് കൊടുത്തതിന് 3,500 രൂപ ലഭിച്ചിരുന്നു. തട്ടിപ്പ് തുക കൈമാറ്റം ചെയ്തതിന് ഈറോഡ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു.

വേണ്ടത് ജാഗ്രത

അയച്ചിട്ടില്ലാത്ത പാഴ്‌സലിന്റെ പേരിൽ വ്യാജ ഫോൺകാളെത്താം. നിയമപാലകരുടെ വേഷത്തിൽ വീഡിയോ കാൾ വിളിച്ചും വ്യാജ വാറന്റയച്ചും പണം തട്ടാനുമിടയുണ്ട്. അക്കൗണ്ട് വിവരങ്ങൾ ആർക്കും കൈമാറരുത്. തട്ടിപ്പിനിരയായാൽ വിളിക്കേണ്ട നമ്പർ 1930.

സൈബർ കുറ്റകൃത്യങ്ങളുടെ എണ്ണം

2021..... 626

2022..... 773

2023..... 3295

2024..... 2825

(സെപ്തംബർ വരെ)