അന്തർസംസ്ഥാന കള്ളനോട്ട് കേസ് പ്രതി സ‌ഞ്ജയ് വർമ പിടിയിൽ

Sunday 03 November 2024 2:00 PM IST

തിരുവനന്തപുരം: അന്തർസംസ്ഥാന കള്ളനോട്ട് കേസിലെ പ്രതിയായ തിരുനെൽവേലി സ്വദേശി സഞ്ജയ് വർമയെ തമ്പാനൂർ പൊലീസ് പിടികൂടി. ഇന്ന് പുലർച്ചെ കന്യാകുമാരിയിലെ ഒരു ഹോട്ടലിൽ നിന്നാണ് ഇയാളെ പിടികൂടിയത്.

തമ്പാനൂർ, കഴക്കൂട്ടം, എറണാകുളം, തലശേരി പൊലീസ് സ്റ്റേഷനുകളിലായി നിരവധി കേസുകൾ സഞ്ജയ്ക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. തമിഴ്‌നാട്ടിലും ആന്ധ്രാപ്രദേശിലും ഇയാൾക്കെതിരെ കള്ളനോട്ട് കേസുണ്ട്. തമ്പാനൂരിലെ ഒരു ഹോട്ടലിൽ തങ്ങിയതിനുശേഷം കള്ളനോട്ട് നൽകി അവിടെനിന്ന് ഗൂഗിൾ പേ വഴി പണം സ്വീകരിച്ച കേസിലാണ് ഇയാളെ തമ്പാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

കഴക്കൂട്ടത്തെ ടാക്‌സി ഡ്രൈവർക്കും കള്ളനോട്ട് നൽകി കബളിപ്പിച്ചിരുന്നു. ഇയാൾക്ക് ചൂതുകളിക്കുന്ന പതിവുണ്ടായിരുന്നതായും പൊലീസ് പറയുന്നു. ഇയാളെ അറസ്റ്റ് ചെയ്ത് സ്റ്റേഷനിൽ എത്തിച്ചിരിക്കുകയാണ്. ചോദ്യം ചെയ്യലിലൂടെയേ കൂടുതൽ കാര്യങ്ങൾ വ്യക്തമാവൂവെന്ന് പൊലീസ് പറഞ്ഞു.