'10 ദിവസത്തിനുള്ളിൽ രാജിവയ്ക്കണം, ഇല്ലെങ്കിൽ കൊന്നുകളയും'; യോഗിക്ക് ഭീഷണിയുമായി ഇരുപത്തിനാലുകാരി ഫാത്തിമ ഖാൻ

Sunday 03 November 2024 1:12 PM IST

മുംബയ്: ഉത്തർപ്രദേശ് മുഖ്യമന്ത്രി യാേഗി ആദിത്യനാഥിനെ കൊല്ലുമെന്ന് ഭീഷണിമുഴക്കിയ യുവതിയെ മുംബയ് പൊലീസ് അറസ്റ്റുചെയ്തു. താനെ ഉല്ലാസ് നഗർ സ്വദേശിനിയായ ഫാത്തിമ ഖാൻ എന്ന ഇരുപത്തിനാലുകാരിയാണ് അറസ്റ്റിലായത്. പത്തുദിവസത്തിനകം രാജിവച്ചില്ലെങ്കിൽ മഹാരാഷ്ട്ര മുൻ മന്ത്രി ബാബ സിദ്ദിഖിയെപ്പോലെ യോഗിയും കൊല്ലപ്പെടുമെന്നായിരുന്നു ഭീഷണി.

മുംബയ് പൊലീസ് ട്രാഫിക് കൺട്രോൾ സെല്ലിന് അജ്ഞാത നമ്പറിൽ നിന്നാണ് സന്ദേശം ലഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതി പിടിയിലായത്. ഇൻഫർമേഷൻ ടെക്നോളജിയിൽ ബിരുദം നേടിയ യുവതിക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്നാണ് കരുതുന്നത്. ഭീഷണിയെത്തുടർന്ന് യോഗിയുടെ സുരക്ഷ കൂടുതൽ ശക്തിപ്പെടുത്തിയിട്ടുണ്ട്.

ഇക്കഴിഞ്ഞ ഒക്‌ടോബർ 12ന് മകൻ സീഷൻ സിദ്ദിഖിന്റെ ഓഫീസിന് പുറത്ത് വച്ച് മൂന്ന് പേർ ചേർന്നാണ് ബാബ സിദ്ദിഖിയെ വെടിവച്ച് കൊന്നത്. ബിഷ്ണോയി സംഘമാണ് കൊലയ്ക്ക് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. തങ്ങൾ ബിഷ്ണോയിയുടെ സംഘത്തിൽ പെട്ടവരാണെന്നാണ് കേസിൽ അറസ്റ്റിലായർ പൊലീസിന് മൊഴിനൽകിയത്. തങ്ങളുടെ ശത്രുവായ സൽമാൻ ഖാനുമായുള്ള അടുപ്പമാണ് വധിക്കാൻ കാരണമെന്നും അവർ പറഞ്ഞിരുന്നു. ഈ സംഭവത്തിനുശേഷം സൽമാൻ ഖാനെതിരെ നിരവധി തവണ വധഭീഷണി ഉയർന്നിരുന്നു. ഇതിനെത്തുടർന്ന് അദ്ദേഹത്തിന്റെ സുരക്ഷയും ശക്തിപ്പെടുത്തിയിരുന്നു.

ഭീഷണികൾ ഏറിയതോടെ അടുത്തിടെ ബുള്ളറ്റ് പ്രൂഫടക്കം അത്യന്താധുനിക സുരക്ഷാ സന്നാഹങ്ങൾ ഉള്ള രണ്ടുകാറുകൾ സൽമാൻ തന്റെ വാഹന ശേഖരത്തിൽ ഉൾപ്പെടുത്തിയിരുന്നു.