ഹസ്തദാനത്തിനായി കൈ നീട്ടി സരിൻ, കൂസലില്ലാതെ നടന്നകന്ന് ഷാഫിയും രാഹുലും

Sunday 03 November 2024 2:46 PM IST

പാലക്കാട്: വിവാഹ വീട്ടിൽ വോട്ട് തേടിയെത്തിയ എൽഡിഎഫ് സ്ഥാനാർത്ഥി ഡോക്ടർ പി സരിന്റെ ഹസ്തദാനം നിരസിച്ച് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലും ഷാഫി പറമ്പിൽ എംപിയും. ഹസ്തദാനം നൽകാൻ സരിൻ കൈനീട്ടിയപ്പോഴേയ്ക്കും അത് ശ്രദ്ധിക്കാതെ ഇരുവരും നടക്കുകയായിരുന്നു. നിരവധി തവണ രാഹുലിനെയും ഷാഫിയെയും സരിൻ വിളിച്ചെങ്കിലും തിരിഞ്ഞുനോക്കാതെ ഇരുവരും നടന്ന് പോവുന്ന ദൃശ്യങ്ങളും ഇതിനകം തന്നെ ചർച്ചയായി.

സരിന്റെ സാന്നിദ്ധ്യത്തിൽ കോൺഗ്രസ് വിമത നേതാവ് എ വി ഗോപിനാഥിനെ രാഹുൽ മാങ്കൂട്ടത്തിൽ ചേർത്തുപിടിച്ചു. സംഭവത്തിൽ സരിൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. എല്ലാം ജനങ്ങൾ കാണുന്നുണ്ടെന്നാണ് സരിൻ പറഞ്ഞത്. അതേസമയം, തനിക്ക് കപടമുഖമില്ലെന്നും സരിന് കൈകൊടുക്കാൻ പ്രയാസമുണ്ടെന്നുമാണ് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞത്. ചെയ്യുന്നതെല്ലാം ആത്മാർത്ഥമായിട്ടാണെന്നും ചാനലുകൾക്ക് മുൻപിൽ അഭ്യാസം കാണിക്കാൻ പ്രയാസമുണ്ടെന്നും രാഹുൽ വ്യക്തമാക്കി. കുലം കുത്തികളെ കൊല്ലുന്ന നിലപാടില്ലെന്ന് സരിനോട് പറഞ്ഞതായും ഷാഫിയും കൂട്ടിച്ചേർത്തു.