വിദേശ വനിതകൾക്ക് നേരെ ആക്രമണം, അന്വേഷിക്കാനെത്തിയ പൊലീസിന് നേരെ കല്ലേറ്, 12 പേർക്കെതിരെ കേസെടുത്തു

Sunday 03 November 2024 7:09 PM IST

കൊച്ചി : മ‌ട്ടാഞ്ചേരിയിൽ പൊലീസുകാരെ ആക്രമിച്ച സംഭവത്തിൽ 12 പേർക്കെതിരെ കേസെടുത്തു. വിദേശ വനിതകളെ ഉപദ്രവിക്കാൻ ശ്രമിക്കുന്നുവെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് എത്തിയ പൊലീസുകാർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. പൊലീസുകാർ‌ക്ക് നേരെ അക്രമിസംഘം കല്ലെറിയുകയായിരുന്നു. ഇന്നലെ അർദ്ധരാത്രിയോടെ കല്‌വത്തി പാലത്തിന് സമീപമായിരുന്നു സംഭവം. വിദേശവനിതകൾ പരാതി നൽകിയിട്ടില്ലെങ്കിലും പൊലീസുകാരുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.


വിദേശവനിതകളെ ഉപദ്രവിക്കാൻ ഒരു സംഘം ശ്രമിക്കുന്നതായി മട്ടാഞ്ചേരി പൊലീസ് സ്റ്റേഷനിൽ വിവരം ല ഭിക്കുകയായിരുന്നു. തുടർന്ന് രണ്ട് സിവിൽ പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. പൊലീസുകാർക്ക് നേരെ യുവാക്കൾ അസഭ്യം പറഞ്ഞതോടെ ഇവരോട് സ്ഥലത്ത് നിന്ന് പോകാൻ പൊലീസുകാർ പറഞ്ഞു. എന്നാൽ പൊലീസുകാർക്ക് നേരെ അക്രമിസംഘം കല്ലെറിയുകയായിരുന്നു.

വിവരമറിയിച്ചതിനെ തുടർന്ന് കൂടുതൽ പൊലീസുകാർ എത്തി മുഖ്യപ്രതിയെ പിടികൂടി. എന്നാൽ പൊലീസ് ജീപ്പിലേക്ക് കയറ്റിയ പ്രതിയെ മാതാപിതാക്കളും സഹോദരനും ചേർന്ന് ആക്രമിച്ച് മോചിപ്പിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. കേസിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. പ്രതികൾ ഒളിവിലാണെന്നാണ് ലഭിക്കുന്ന വിവരം.