ഷൊർണൂരിൽ ട്രെയിനിടിച്ച മരിച്ച തൊഴിലാളികളുടെ കുടുംബങ്ങൾക്ക് മൂന്നുലക്ഷം രൂപ സഹായം പ്രഖ്യാപിച്ച് തമിഴ്‌നാട്

Sunday 03 November 2024 9:35 PM IST

ചെന്നൈ : പാലക്കാട് ഷൊർണൂരിൽ ട്രെയിനിടിച്ച് മരിച്ച ശുചീകരണ തൊഴിലാളികളുടെ കുടുംബങ്ങൾക്ക് മൂന്നുലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ച് തമിഴ്‌നാട് സർക്കാർ. സേലം സ്വദേശികളായ തൊഴിലാളികളുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ച തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ദുരിതാശ്വാസ തുക നൽകാൻ നിർദ്ദേശിക്കുകയായിരുന്നു. മരിച്ച നാലുപേരുടെയും കുടുംബങ്ങൾക്ക് മൂന്നുലക്ഷം രൂപ വീതം നൽകാനാണ് ഉത്തരവ്. മരിച്ചവരുടെ കുടുംബാഗങ്ങൾക്ക് ഒരു ലക്ഷം രൂപ വീതം റെയിൽവേയും ധനസഹായം പ്രഖ്യാപിച്ചിരുന്നു.

റെയിൽവേ കരാർ തൊഴിലാളികളും സേലം അയോദ്ധ്യപട്ടണം സ്വദേശികളുമായ ലക്ഷ്മണൻ (60), ഭാര്യ വള്ളി (55), അയോധ്യപട്ടണം സ്വദേശിയായ റാണി (45), റാണിയുടെ ഭർത്താവ് ലക്ഷ്മണൻ (48) എന്നിവരാണ് അപകടത്തിൽ മരിച്ചത്. ഭാരതപ്പുഴയിൽ ഇന്ന് നടത്തിയ തെരച്ചിലിലാണ് വൈകിട്ടോടെ ലക്ഷ്മണന്‍റെ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് മൂന്നോടെ ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കേരള എക്സ്പ്രസ് ട്രെയിൻ തട്ടിയായിരുന്നു അപകടം.

സ്ത്രീകളടക്കം പത്ത് തൊഴിലാളികളാണ് പാലത്തിലുണ്ടായിരുന്നത്. ആറ് പേർ സേഫ്ടി ക്യാബിനിൽ ഓടിക്കയറി രക്ഷപ്പെട്ടു. അപകട സമയത്ത് മഴയും, ഇടിമിന്നലും ഉണ്ടായിരുന്നതിനാൽ ട്രെയിൻ വരുന്നത് ഇവർ അറിയാതെ പോയതാകാമെന്ന് സംശയിക്കുന്നു. ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനടുത്താണ് തൊഴിലാളികൾ കുടുംബസമേതം താമസിച്ചിരുന്നത്.