വീട് കയറി ആക്രമണം; ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ

Monday 04 November 2024 1:09 AM IST

കരുവന്നൂർ : വീട് കയറി കുടുംബത്തെ ആക്രമിച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. കരുവന്നൂർ സ്വദേശി കുന്നമ്മത്ത് വീട്ടിൽ അനൂപ് (28) നെയാണ് തൃശൂർ റൂറൽ എസ്.പി നവനീത് ശർമ്മയുടെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡിവൈ.എസ്.പി കെ.ജി. സുരേഷിന്റെ നേതൃത്വത്തിൽ പിടികൂടിയത്. കരുവന്നൂർ സ്വദേശിയായ സൗമീഷിനെയും കുടുംബത്തേയും വീട് കയറി ആക്രമിച്ച കേസിലാണ് അറസ്റ്റ്. 2024 ജൂലൈ 21ന് ആയിരുന്നു സംഭവം. മദ്യലഹരിയിൽ സ്‌കൂട്ടറോടിച്ച് പരാതിക്കാരന്റെ വീടിന്റെ ഗേറ്റ് ഇടിച്ചു തുറന്ന് അതിക്രമിച്ച് കയറിയായിരുന്നു ആക്രമണം. സൗമീഷിന്റെ ഭാര്യയ്ക്കും അമ്മയ്ക്കും ചെറിയ കുട്ടിക്കും പരിക്കേറ്റിരുന്നു. സംഭവശേഷം മൊബൈൽ ഫോൺ ഓഫ് ചെയ്തു മുങ്ങിയ അനൂപ് പലസ്ഥലങ്ങളിലായി ഒളിവിൽ കഴിയുകയായിരുന്നു. കഴിഞ്ഞ ദിവസം പുലർച്ചയാണ് പെരുമ്പാവൂരിൽ ഇയാൾ ഒളിച്ചു താമസിച്ച കെട്ടിടം പോലിസ് കണ്ടെത്തിയത്. അന്യസംസ്ഥാന തൊഴിലാളികളുടെ കൂട്ടത്തിലാണ് ഇയാൾ ഒളിവിൽ താമസിച്ചിരുന്നത്. മയക്കുമരുന്ന്, കൊലപാതക ശ്രമം, ആംസ് ആക്ട് അടക്കവുള്ള കേസുകളിൽ പ്രതിയാണ് അനൂപ്. ഇരിങ്ങാലക്കുട മതിലകം, കൊടകര സ്റ്റേഷനുകളിലായി നിരവധി കേസുകളുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.