'രാജി വയ്ക്കണം,ബാബാ സിദ്ദിഖിയെപ്പോലെ കൊല്ലും'; യോഗിക്ക് വധഭീഷണി
മുംബയ്: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വധ ഭീഷണി മുഴക്കിയ 24കാരി പൊലീസ് കസ്റ്റഡിയിൽ. പത്തു ദിവസത്തിനുള്ളിൽ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജി വയ്ക്കണമെന്നും ഇല്ലെങ്കിൽ മഹാരാഷ്ട്ര മുൻ മന്ത്രി ബാബാ സിദ്ദിഖിയുടെ അവസ്ഥ വരുമെന്നുമായിരുന്നു ഭീഷണി. കഴിഞ്ഞ ദിവസം വൈകിട്ട് മുംബയ് ട്രാഫിക് പൊലീസിന്റെ വാട്സ്‌ആപ്പ് ഹെൽപ്‌ലൈൻ നമ്പറിലാണ് ഭീഷണി സന്ദേശമെത്തിയത്. അന്വേഷണത്തിൽ മഹാരാഷ്ട്ര താനെയിൽ ഉല്ലാസ് നഗർ മേഖലയിൽ താമസിക്കുന്ന ഫാത്തിമ ഖാനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവർ മാനസിക വെല്ലുവിളി നേരിടുന്നുണ്ടെന്നാണ് റിപ്പോർട്ട്. അറസ്റ്റ് ചെയ്തിട്ടില്ലെന്നും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തുവരികയാണെന്നും അധികൃതർ അറിയിച്ചു.
ഐ.ടിയിൽ ബിരുദധാരിയാണ് ഫാത്തിമയെന്നാണു വിവരം. ഇവരുടെ മാനസികാരോഗ്യം പരിശോധിക്കും.
അന്വേഷണം തുടരുകയാണ്. സംഭവത്തെത്തുടർന്ന് യോഗി ആദിത്യനാഥിന്റെ സുരക്ഷ വർദ്ധിപ്പിച്ചു. കഴിഞ്ഞ കുറച്ച് ആഴ്ചകളായി മുംബയ് പൊലീസിനു നിരവധി വധഭീഷണി സന്ദേശങ്ങൾ ലഭിക്കുന്നുണ്ട്. ബാബാ സിദ്ദിഖി കൊല്ലപ്പെടുന്നതിനു 15 ദിവസങ്ങൾക്കുമുൻപ് വധഭീഷണി സന്ദേശം ലഭിച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ബോളിവുഡ് നടൻ സൽമാൻ ഖാനും ഭീഷണി സന്ദേശങ്ങൾ എത്തിയിരുന്നു.
2 കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട അസം മുഹമ്മദ് മുസ്തഫ എന്നയാളെ അറസ്റ്റ് ചെയ്തിരുന്നു.
സൽമാൻ ഖാനെയും ബാബ സിദ്ദിഖിയുടെ മകനുമായ ബാന്ദ്ര ഈസ്റ്റ് എൻ.സി.പി എം.എൽ.എ സീഷൻ സിദ്ദിഖിയെയും ഭീഷണിപ്പെടുത്തിയ 20കാരനെ
നോയിഡയിൽ നിന്ന് അറസ്റ്റ് ചെയ്തിരുന്നു.