ഛത്തീസ്ഗഢിൽ കാർ കുളത്തിൽ വീണ് 8 മരണം
Monday 04 November 2024 2:19 AM IST
റായ്പുർ: ഛത്തീസ്ഗഢിലെ ബൽറാംപുരിൽ കാർ കുളത്തിൽവീണ് അമ്മയും കുഞ്ഞും ഉൾപ്പെടെ എട്ട് പേർക്ക് ദാരുണാന്ത്യം.
ബുദ്ധബഗീച്ച റോഡിൽ ശനിയാഴ്ച രാത്രിയാണ് അപകടമുണ്ടായത്. ആറുപേരുടെ മൃതദേഹങ്ങൾ ശനിയാഴ്ച രാത്രിയും രണ്ടുപേരുടെ മൃതദേഹങ്ങൾ ഇന്നലെ രാവിലെയുമായി പുറത്തെടുത്തു. യു ടേൺ എടുക്കുന്നതിനിടെ കാർ നിയന്ത്രണംതെറ്റി സമീപത്തെ കുളത്തിലേക്ക് വീഴുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.
ബൽറാംപുരിലെ ലരിമയിൽനിന്ന് സമീപജില്ലയായ സൂരജ്പുറിലേക്കുള്ള യാത്രയിലായിരുന്നു സംഘമെന്നും അതിനിടെയാണ് അപകടം സംഭവിച്ചതെന്നും ബൽറാംപുർ എസ്.പി. വൈഭവ് ബങ്കാർ പറഞ്ഞു.
സഞ്ജയ് മുണ്ട (35), ഇദ്ദേഹത്തിന്റെ ഭാര്യ ചന്ദ്രവതി (35), മകൾ കീർത്തി (8), ഇവരുടെ അയൽവാസികളായ മംഗൾ ദാസ് (19), ഭൂപേന്ദ്ര മുണ്ട (18), ബലേശ്വർ (18), ഉദയ്നാഥ് (20), ഡ്രൈവറായ മുകേഷ് ദാസ് (26) എന്നിവരാണ് മരിച്ചത്.