ഉഗാണ്ടയിൽ മിന്നലേറ്റ് 14 മരണം
Monday 04 November 2024 7:43 AM IST
കംപാല: കിഴക്കൻ ആഫ്രിക്കൻ രാജ്യമായ ഉഗാണ്ടയിൽ മിന്നലേറ്റ് 14 പേർ മരിച്ചു. 13 പേരും കുട്ടികളാണ്. 34 പേർക്ക് പരിക്കേറ്റു. പ്രാദേശിക സമയം ശനിയാഴ്ച വൈകിട്ട് രാജ്യത്തിന്റെ വടക്കു പടിഞ്ഞാറൻ മേഖലയിലുള്ള പലാബെക് അഭയാർത്ഥി ക്യാമ്പിൽ ഒരു പ്രാർത്ഥനാ ചടങ്ങിനിടെയായിരുന്നു സംഭവം.
മേഖലയിൽ ഏതാനും ദിവസങ്ങളായി ഇടിമിന്നലോട് കൂടിയ ശക്തമായ മഴ തുടരുന്നുണ്ട്. സൗത്ത് സുഡാനിൽ നിന്നും മറ്റുമെത്തിയ 80,000ത്തിലേറെ അഭയാർത്ഥികളാണ് പലാബെക് ക്യാമ്പിലുള്ളതെന്ന് യു.എൻ പറയുന്നു. നാല് വർഷം മുന്നേ ഉഗാണ്ടയിലെ അരുവ നഗരത്തിൽ ഫുട്ബോൾ കളിക്കുകയായിരുന്ന 10 കുട്ടികൾ മിന്നലേറ്റ് മരിച്ചിരുന്നു.