ഭഗവാൻ കൃഷ്ണന്റെ പാദങ്ങളിൽ നിന്നുള്ള വിശുദ്ധ ജലം, കുടിക്കാനായി ക്ഷേത്രത്തിൽ തിരക്ക്; യഥാർത്ഥ്യം പുറത്ത്

Monday 04 November 2024 10:20 AM IST

ലക്‌നൗ: ഉത്തർപ്രദേശിലെ വൃന്ദാവനത്തിലുള്ള ബൻകി ബിഹാരി ക്ഷേത്രത്തിൽ നിന്നുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. ആനയുടെ തലയുടെ മാതൃകയിൽ കൊത്തിവച്ചിരിക്കുന്ന ശിൽപത്തിലൂടെ വരുന്ന വെള്ളം ഭഗവാൻ കൃഷ്ണന്റെ പാദങ്ങളിൽ നിന്നുള്ള വിശുദ്ധജലമാണിതെന്നാണ് ഭക്തർ കരുതിയത്. ഇത്‌ കുടിക്കാനായി ഭക്തരുടെ തിക്കും തിരക്കുമാണ്.

ആനയുടെ വായിൽ നിന്ന് ജലം ഇറ്റിറ്റ് വീഴുകയാണ്. ചിലർ കൈയിൽ ശേഖരിച്ചും, മറ്റ് ചിലർ ഗ്ലാസിൽ ശേഖരിച്ചുമൊക്കെയാണ് ഈ 'തീർത്ഥജലം' കുടിക്കുന്നത്. പുണ്യജലം കിട്ടാനായി ക്യൂനിൽക്കുന്നവരെയും വീഡ‌ിയോയിൽ കാണാം. എന്നാൽ യഥാർത്ഥത്തിൽ ഇത് തീർത്ഥ ജലമായിരുന്നില്ലെന്നും മറിച്ച് ക്ഷേത്രത്തിലെ എ സിയിൽ നിന്നുള്ളതായിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സംഭവത്തെക്കുറിച്ച് ക്ഷേത്ര അധികൃതർ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ക്ഷേത്രത്തിലെത്തിയ ഒരു യുവാവാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഈ വെള്ളം കുടിക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു. എ സിയിൽ നിന്നുള്ള വെള്ളമായതിനാൽ അണുബാധയുണ്ടാകാൻ സാദ്ധ്യതയുണ്ടെന്നാണ് അദ്ദേഹം പറയുന്നത്.

'ഇതൊക്കെ ഇന്ത്യയിൽ മാത്രമേ നടക്കുകയുള്ളൂ', 'വെള്ളം കുടിക്കരുതെന്ന് ക്ഷേത്ര അധികൃതരെങ്കിലും ഭക്തർക്ക് മുന്നറിയിപ്പ് നൽകണമായിരുന്നു'- തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് വന്നുകൊണ്ടിരിക്കുന്നത്. എന്നാൽ അത് അവരുടെ വിശ്വാസമാണെന്നും, അവരെ അവരുടെ പാട്ടിന് വിടണമെന്നും അഭിപ്രായപ്പെടുന്നവരുമുണ്ട്.