അനധികൃത മദ്യവിൽപ്പന, 32 കാരൻ പിടിയിൽ
തിരുവനന്തപുരം: അഞ്ചുതെങ്ങ് കേന്ദ്രീകരിച്ച് അനധികൃത മദ്യവില്പന നടത്തുന്ന പ്രതിയെ പൊലീസ് പൊക്കി. മുൻ അബ്കാരി കേസുകളിലെ പ്രതികൂടിയായ മൂലെെത്തോട്ടം മൂർത്തൻവിളാകം വീട്ടിൽ സുജിത് (32)നെയാണ് ചിറയിൻകീഴ് എക്സൈസ് പിടികൂടിയത്. എക്സൈസിനെക്കണ്ട് മദ്യവും വില്പന നടത്താനുപയോഗിച്ച വാഹനവും ഉപേക്ഷിച്ച് രക്ഷപെടാൻ ശ്രമിച്ച പ്രതിയെ സാഹസികമായാണ് പിടികൂടിയത്.
മദ്യം സൂക്ഷിച്ചിരുന്ന ഡിയോ സ്കൂട്ടറും 40 കുപ്പി വിദേശമദ്യവും പണവും ഇയാളിൽ നിന്നും പിടിച്ചെടുത്തു. കുറച്ച് ദിവസങ്ങളായി സുജിത്ത് എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. സുജിത്തിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എക്സൈസ് ഇൻസ്‌പെക്ടർ ദീപുക്കുട്ടന്റെ നേതൃത്വത്തിൽ അസി. എക്സൈസ് ഇൻസ്‌പെക്ടർ കെ. ഷിബുകുമാർ, പ്രിവന്റീവ് ഓഫീസർമാരായ അബ്ദുൾ ഹാഷിം, ദേവിപ്രസാദ്, സിവിൽ എക്സൈസ് ഓഫീസർമാരായ വൈശാഖ്, ശരത്ബാബു, ഡ്രൈവർ ഉഫൈസ് ഖാൻ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.