വാച്ച് മോഷ്‌ടിച്ചെന്ന് ആരോപണം; 14 വയസുള്ള ആൺകുട്ടികളെ തലകീഴായി കെട്ടിയിട്ട് മർദിച്ചു, മുളക് പുക ശ്വസിപ്പിച്ചു

Monday 04 November 2024 3:47 PM IST

ഭോപ്പാൽ: വാച്ച് മോഷ്‌ടിച്ചതിന്റെ പേരിൽ ആൺകുട്ടികളെ തലകീഴായി കെട്ടിയിട്ട് മർദിച്ചു. മദ്ധ്യപ്രദേശിലെ പാണ്ഡുർന ജില്ലയിലാണ് സംഭവം. 14 വയസുള്ള രണ്ട് കുട്ടികളാണ് ക്രൂര മർദനത്തിന് ഇരയായത്. ഒക്‌ടോബർ 31ന് നടന്ന സംഭവം ഇപ്പോഴാണ് പുറത്തുവരുന്നത്. ഇതിന്റെ വീഡിയോയും സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി. മൊഹ്‌ഗാവ് പൊലീസ് കേസെടുത്തിട്ടുണ്ട്.

കടം വാങ്ങിയ പണം തിരികെ നൽകാനായി ഒരു വീട്ടിൽ പോയപ്പോഴാണ് വാച്ച് കുട്ടികളുടെ ശ്രദ്ധയിൽപ്പെട്ടത്. അവരത് കൈക്കലാക്കിയെങ്കിലും തെറ്റ് മനസിലാക്കി തിരികെ വച്ചു. പിന്നിൽ കുട്ടികളാണെന്നറിഞ്ഞ നിഖിൽ കലംബെ, സുരേന്ദ്ര ബവങ്കർ എന്നിവർ അവരെ ബലമായി ഒരു ട്രാക്‌ടർ ഗാരേജിലേക്ക് കൊണ്ടുപോയി. മോഷണം ആരോപിച്ച് അവരെ ചോദ്യം ചെയ്യുകയും തലകീഴായി കെട്ടിയിട്ട് മർദിക്കുകയും ചെയ്‌തു. മുളക് പുകച്ചും കുട്ടികളെ അവ‌ർ ഉപദ്രവിച്ചു. ഇക്കാര്യം കുട്ടികൾ വീട്ടിൽ അറിയിച്ചിരുന്നില്ല.

ദിവസങ്ങൾക്ക് ശേഷം പ്രതികളിലൊരാളായ സുരേന്ദ്ര ബവങ്കർ പകർത്തിയ വീഡിയോ വാട്‌സാപ്പിൽ പ്രചരിക്കാൻ തുടങ്ങി. ഇത് ഒരു കുട്ടിയുടെ അച്ഛൻ കണ്ടു. തുടർന്ന് ചോദ്യം ചെയ്‌തപ്പോഴാണ് പീഡന വിവരങ്ങൾ പുറത്തുവരുന്നത്. തുടർന്ന് മാതാപിതാക്കൾ പൊലീസിനെ വിവരമറിയിച്ച് പരാതി നൽകി. നിഖിൽ കലംബെ, സുരേന്ദ്ര ബവങ്കർ, ഇവരുടെ സഹായി എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വിശദമായ അന്വേഷണം നടത്തിവരികയാണ്. ബിഎൻഎസ് നിയമത്തിലെ 137, 2, 140, 3, 115, 35, 127, 2, 75 എന്നീ വകുപ്പുകൾ പ്രകാരമാണ് പൊലീസ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.