ആഗ്രയിൽ വ്യോമസേനയുടെ മിഗ് 29 യുദ്ധവിമാനം തകർന്നു വീണു,​ പൈലറ്റ് രക്ഷപ്പെട്ടു

Monday 04 November 2024 6:54 PM IST

ന്യൂഡൽഹി : ആഗ്രയിൽ വ്യോമസേനയുടെ മിഗ് 29 ഫൈറ്റർ വിമാനം തകർന്നുവീണു. പൈലറ്റ് രക്ഷപ്പെട്ടു. ആഗ്രയ്ക്കടുത്ത് കഗരോൽ എന്ന ഗ്രാമത്തിലെ പാടത്താണ് വിമാനം തകർന്ന് വീണത്. പിന്നാലെ തീപിടിച്ച വിമാനം കത്തിയമർന്നു. വിമാനം വീഴുന്നതിന് തൊട്ടുമുൻപാണ് പൈലറ്റ് പുറത്തേക്ക് ചാടിയത്. വിവരമറിഞ്ഞ് നാട്ടാുകാരും പൊലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി. സംഭവത്തിൽ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. സോവിയറ്റ് റഷ്യയിൽ നിർമിച്ച മിഗ്–29 വിമാനങ്ങൾ 1987ലാണ് ഇന്ത്യൻ സേനയുടെ ഭാഗമായത്. ആധുനികവൽക്കരിച്ച മിഗ്–29 യു.പി.ജി വിമാനമാണ് അപകടത്തിൽപ്പെട്ടത് എന്നാണു റിപ്പോർട്ട്. ജനവാസമില്ലാത്ത പ്രദേശത്ത് വീണതുകൊണ്ട് വൻ അപകടം ഒഴിവായി.

പഞ്ചാബിലെ അദംപൂരിൽ നിന്ന് ആഗ്രയിലേക്ക് ഫരീശീലന പറക്കൽ നടത്തുകയായിരുന്നു വിമാനം. സാങ്കേതിക തകരാർ കണ്ടതിന് പിന്നാലെ പൈലറ്റ് പാരച്യൂട്ട് വഴി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ പൊലീസും അന്വേഷണം നടത്തും. രണ്ട് മാസത്തിനിടെ ഇത് രണ്ടാമത്തെ മിഗ് 29 വിമാനമാണ് തകർന്നുവീണത്. സാങ്കേതിക പ്രശ്നത്തെ തുടർന്ന് സെപ്തംബറിൽ രാജസ്ഥാനിൽ മിഗ് 29 വിമാനം തകർന്നിരുന്നു. ബാമർ സെക്ടറിൽ പരിശീലനത്തിലേർപ്പെട്ടിരുന്ന വിമാനമാണ് അന്ന് തകർന്നുവീണത്.