സൂര്യ ഇന്ന് കൊച്ചിയിൽ, നാളെ തലസ്ഥാനത്ത്

Tuesday 05 November 2024 6:01 AM IST

കങ്കുവ സിനിമയുടെ പ്രചരണാർത്ഥം സൂര്യയും അണിയറ പ്രവർത്തകരും ഇന്ന് കൊച്ചിയിലും നാളെ തിരുവനന്തപുരത്തും എത്തും. നാളെ വൈകിട്ട് 5ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ ആരാധകരുമായി സൂര്യ സംവദിക്കും. സൂര്യയെ വരവേൽക്കാൻ ആരാധകർ ഗംഭീരമായ ഒരുക്കങ്ങളാണ് സജ്ജമാക്കിയിട്ടുള്ളത്. നവംബർ 14ന് റിലീസ് ചെയ്യുന്ന കങ്കുവയിൽ രണ്ടു ഗെറ്റപ്പുകളിലാണ് സൂര്യ . ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ യോദ്ധാവായാണ് സൂര്യ എത്തുന്നത്. ത്രീഡിയിൽ ഒരുങ്ങുന്ന കങ്കുവയിൽ ബോളിവുഡ് താരം ദിഷ പഠാനിയാണ് നായിക. 350 കോടി ബഡ്‌ജറ്റിൽ ഒരുങ്ങുന്ന ചിത്രം ടൈം ട്രാവലിലൂടെ കഥ പറയുന്ന സയൻസ് ഫിക്‌ഷൻ സിനിമയാണ്. ബോളിവുഡ് താരം ബോബി ഡിയോളാണ് പ്രതിനായകൻ. ബോബിഡിയോളിന്റെ കോളിവുഡ് അരങ്ങേറ്റം കൂടിയാണ് കങ്കുവ. ക്ളൈമാക്സിൽ കാർത്തി പ്രത്യക്ഷപ്പെടുന്നുണ്ട്. ഇതാദ്യമായാണ് സൂര്യയും കാർത്തിയും ഒരുമിക്കുന്നത്. സ്റ്റുഡിയോ ഗ്രീനും യുവി ക്രിയേഷൻസും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന് വെട്രി പളനിസ്വാമി ഛായാഗ്രഹണം നിർവഹിക്കുന്നു. സംഗീതം: ദേവിശ്രീ പ്രസാദ്. അകാലത്തിൽ വിടപറഞ്ഞ നിഷാദ് യൂസഫ് ആണ് ചിത്രസംയോജനം. കേരളത്തിൽ ശ്രീഗോകുലം മൂവീസാണ് വിതരണം.ഡ്രീം ബിഗ് ആണ് ഡിസ്ട്രിബ്യൂഷൻ പാർട്ണർ.