'പാര്‍ട്ടിയുടെ പേരില്‍ മന്ത്രിമാരായി, പ്രവര്‍ത്തകരെ കണ്ടാല്‍ ചിരിക്കുകപോലുമില്ല'; ബിജെപിയിലും കലാപം

Monday 04 November 2024 8:17 PM IST

കോഴിക്കോട്: പാലക്കാട് സന്ദീപ് വാര്യരെ അനുനയിപ്പിക്കാന്‍ ഒരു വിഭാഗം ബിജെപി നേതാക്കള്‍ ശ്രമം തുടരുന്നതിനിടെ പാര്‍ട്ടിയില്‍ കൂടുതല്‍ പൊട്ടിത്തെറി. സംസ്ഥാനത്ത് നിന്നുള്ള കേന്ദ്രമന്ത്രിമാരെ വിമര്‍ശിച്ച് രംഗത്ത് വന്നിരിക്കുകയാണ് ബിജെപി കോഴിക്കോട് ജില്ലാ സെക്രട്ടറി ടി. റനീഷ്. കേരളത്തില്‍ നിന്ന് പാര്‍ട്ടിയുടെ പേരില്‍ മന്ത്രിമാരായവരില്‍ പലരും പാര്‍ട്ടി പ്രവര്‍ത്തകരോട് സ്വീകരിക്കുന്ന മനോഭാവത്തേയാണ് റനീഷ് വിമര്‍ശിക്കുന്നത്. സാധാരണ പ്രവര്‍ത്തകരെ കണ്ടാല്‍ ഒന്ന് ചിരിക്കാന്‍ പോലും പലര്‍ക്കും മടിയാണെന്നാണ് വിമര്‍ശനം.

ഒരുപാടുപേരുടെ ജീവനും ജീവിതവുമാണ് ഇന്ന് അനുഭവിക്കുന്ന സൗകര്യങ്ങള്‍ക്ക് കാരണമെന്ന് മറക്കുന്നുവെന്നും റനീഷ് പറയുന്നു. സ്വന്തം പ്രവര്‍ത്തികള്‍ കൊണ്ടാണ് ഉന്നത സ്ഥാനങ്ങളില്‍ എത്തിയതെന്നാണ് പലരുടേയും ചിന്ത. സാധാരണ പ്രവര്‍ത്തകന്റെ കഷ്ടപ്പാടാണ് ഇതെന്ന് മനസ്സിലാക്കി അവരെ കൂടി കേള്‍ക്കാനുള്ള മനസ്സ് എല്ലാവര്‍ക്കും ഉണ്ടാകട്ടേയെന്നും റനീഷ് പറയുന്നു.

റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് കോഴിക്കോട് എത്തിയപ്പോള്‍ ഉണ്ടായ അനുഭവവും റനീഷ് പറയുന്നുണ്ട്. കേന്ദ്രമന്ത്രി നിവേദനങ്ങളുമായി കാത്തു നിന്നവരെ കാണുകയും വ്യക്തമായി കേള്‍ക്കുകയും പാര്‍ട്ടി അനുഭാവികള്‍ക്ക്പറയാനുള്ളത് ക്ഷമയോടെ കേട്ടുവെന്നും റനീഷ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്ന പ്രവര്‍ത്തകര്‍ക്ക് വേണ്ടി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലെങ്കിലും അവരെ കാണുമ്പോള്‍ ഒന്ന് തോളില്‍ തട്ടുകയും പറയാനുള്ളത് കേട്ട ശേഷം നമുക്ക് ശ്രമിക്കാം എന്ന വാക്കെങ്കിലും പറയാന്‍ മനസ്സുണ്ടാകട്ടേയെന്നും റനീഷ് ഫേസ്ബുക് പോസ്റ്റില്‍ കുറിച്ചു.

അതേസമയം, പാലക്കാട് വിഷയത്തില്‍ സമവായമല്ല പരിഹാരമായിരുന്നു തനിക്ക് വേണ്ടിയിരുന്നതെന്നും അതിന്റെ സമയം കഴിഞ്ഞുവെന്നും ബിജെപി നേതാവ് സന്ദീപ് വാര്യര്‍ പറഞ്ഞിരുന്നു. തനിക്ക് നിരവധി അപമാനങ്ങള്‍ നേരിടേണ്ടി വന്നുവെന്നും ആത്മാഭിമാനത്തിന് മുറിവേറ്റെന്നും അദ്ദേഹം പറഞ്ഞു. ബിജെപി നേതൃത്വത്തിനും പാലക്കാട് സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാറിനുമെതിരെ കുറിച്ച ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെ മാദ്ധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.