ജമ്മുകാശ്മീർ നിയമസഭാ സമ്മേളനത്തിൽ ബഹളം

Tuesday 05 November 2024 1:31 AM IST

 370 റദ്ദാക്കിയതിനെതിരെ പ്രമേയം

ശ്രീനഗർ: ആറു വർഷത്തിനുശേഷം ചേർന്ന ജമ്മുകാശ്മീർ നിയമസഭാ സമ്മേളനത്തിന്റെ ആദ്യ ദിവസം തന്നെ ബഹളം. പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി എം.എൽ.എ വാഹിദ് പര ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെതിരെ പ്രമേയം കൊണ്ടുവന്നു. ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടു. ഇതോടെയാണ് ബഹളം ആരംഭിച്ചത്. രാജ്യവിരുദ്ധ നീക്കം നടത്തിയ വാഹിദിനെ സഭയിൽ നിന്ന് സസ്പെൻഡ് ചെയ്യണമെന്ന് ബി.ജെ.പി അംഗങ്ങൾ ആവശ്യപ്പെട്ടു. അതേസമയം, പ്രമേയം അംഗീകരിച്ചിട്ടില്ലെന്ന് സ്പീക്കർ റഹീം റാത്തർ പറഞ്ഞു. ഇന്നാണ് സ്പീക്കറെയും തിരഞ്ഞെടുത്തത്. സമ്മേളനം എട്ടാം തീയതി വരെയുണ്ടാകും.

ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ കാശ്മീർ ജനത അംഗീകരിക്കുന്നില്ലെന്നതിന് തെളിവാണ് തങ്ങളുടെ തിരഞ്ഞെടുപ്പ് വിജയമെന്ന് നാഷണൽ കോൺഫറൻസ് നേതാവും മുഖ്യമന്ത്രിയുമായ ഒമർ അബ്ദുള്ള പറഞ്ഞു. പി.ഡി.പി പ്രമേയം കൊണ്ടുവരും മുമ്പ് തങ്ങളുമായി ആലോചിച്ചിരുന്നെങ്കിൽ പിന്തുണച്ചേനെയെന്നും ഒമർ പറഞ്ഞു.