കോഴിക്കോട് ജയിലിൽ തടവുകാർ ഏറ്റുമുട്ടി, പരിക്ക് ഉദ്യോഗസ്ഥർക്ക് !
കോഴിക്കോട്: ജില്ല ജയിലിൽ തടവുകാർ തമ്മിലുണ്ടായ ഏറ്റുമുട്ടിലിൽ ഇടപെട്ട നാലു ജയിൽ ഉദ്യോഗസ്ഥർക്ക് പരിക്ക്. കൊലക്കേസിൽ വിചാരണ നേരിടുന്ന തടവുകാരാണ് തമ്മിലടിച്ചത്. ഡെപ്യൂട്ടി പ്രിസൺ ഓഫീസർമാരായ പ്രതീഷ്, ജർമിയാസ്, അസി.പ്രിസൺ ഓഫിസർമാരായ ദിലേഷ്, സനീഷ് എന്നിവർക്കാണ് പരിക്കേറ്റത്. കെെക്കും തലയ്ക്കും സാരമായി പരിക്കേറ്റ ഇവർ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ തടവുകാരായ മുഹമ്മദ് അജ്മൽ (30), ഷഫീഖ് (32) എന്നിവർക്കെതിരേ ഡെപ്യൂട്ടി പ്രിസൺ ഓഫീസറുടെ പരാതിയിൽ കസബ പൊലീസ് കേസെടുത്തു.
ഞായറാഴ്ച രാവിലെ ജില്ല ജയിലിന്റെ പുതിയ ബ്ലോക്കിലാണ് സംഭവം. ന്യൂബ്ലോക്കിൽ നിന്ന് അജ്മലിനെയും ഷഫീഖിനെയും ജയിലധികൃതർ കഴിഞ്ഞ ദിവസം താഴെയുള്ള സെല്ലിലേക്ക് മാറ്റിയിരുന്നു. ഇതിന്റെ കാരണം റിമാൻഡിലുള്ള മറ്റൊരു തടവുകാരനാണെന്നാരോപിച്ച് ഇരുവരും തമ്മിൽ വഴക്കിട്ടു. അത് ഏറ്റുമുട്ടലിലെത്തി. തടയാനെത്തിയ സനീഷിനെ ഇരുവരും ചേർന്ന് ആക്രമിച്ചു. തുടർന്ന് ഇന്നലെ ജയിൽ സൂപ്രണ്ട് ബെെജു കെ.വി ഇരുവരെയും ഓഫീസിലേക്ക് വിളിച്ചുവരുത്തി. ചോദ്യം ചെയ്യുന്നതിനിടെ വീണ്ടും ഇവർ അക്രമാസക്തരായി മുറിയിലുണ്ടായിരുന്ന ജയിൽ ജീവനക്കാരെ ആക്രമിച്ചു. ഓഫീസിന്റെ ജനലുകളും എറിഞ്ഞുടച്ചു. ജയിൽ ജീവനക്കാരുടെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് അക്രമികളെ കീഴടക്കാനായത്. രണ്ടരവർഷത്തോളമായി ഇരുവരും ജില്ല ജയിലിൽ വിചാരണത്തടവുകാരായി കഴിയുകയാണ്. സംഭവത്തെ തുടർന്ന് ഷഫീഖിനെ തവനൂർ ജയിലിലേക്കു മാറ്റി. മുഹമ്മദ് അജ്മലിനെ അടുത്ത ദിവസം കണ്ണൂർ ജയിലിലേക്ക് മാറ്റുമെന്ന് ജയിൽ സൂപ്രണ്ട് ബെെജു കെ.വി അറിയിച്ചു.