ഉദ്യോഗാർത്ഥികളുടെ ജീവിതംവച്ച് കളിക്കരുത്, യോഗ്യത മാറ്റിമറിച്ച പി എസ് സിയെ പ്രഹരിച്ച് സുപ്രീംകോടതി
ന്യൂഡൽഹി : കേരള വാട്ടർ അതോറിട്ടിയിലെ എൽ.ഡി. ക്ലർക്ക് തസ്‌തികയിലേക്കുള്ള അടിസ്ഥാനയോഗ്യതയിൽ നിലപാട് മാറ്റിക്കളിച്ച കേരള പി.എസ്.സിക്കെതിരെ ആഞ്ഞടിച്ച് സുപ്രീംകോടതി. പി.എസ്.സി ഔന്നത്യബോധത്തോടെ സത്യസന്ധത പുലർത്തണമെന്ന് ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, സഞ്ജയ് കുമാർ എന്നിവരടങ്ങിയ ബെഞ്ച് മുന്നറിയിപ്പ് നൽകി.
കള്ളത്തരം കാണിക്കരുത്. നിലപാടിൽ സ്ഥിരതയും സുതാര്യതയും വേണം.കോടതിക്ക് മുന്നിൽ ഒളിച്ചുകളിക്കരുത്. ഉദ്യോഗാർത്ഥികളുടെ ജീവിതം വച്ചുകളിക്കരുതെന്നും കോടതി പറഞ്ഞു.
ഉദ്യോഗാർത്ഥികളുടെ യോഗ്യത സംബന്ധിച്ച് ഹൈക്കോടതിയിൽ കേസ് നടത്തി സ്വന്തം തീരുമാനത്തിന് അനുകൂലമായ വിധി നേടിയശേഷം അതിനു വിരുദ്ധമായി ഡിപ്ളോമക്കാരെയും റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തിയതാണ് വിവാദമായത്.ഡിപ്ളോമക്കാരെ പുറത്താക്കാൻ ഹൈക്കോടതിക്ക് ഉത്തരവ് ഇടേണ്ടിവന്നു. ഇതിനെതിരെ ഡിപ്ളോമക്കാർ നൽകിയ ഹർജി തള്ളിക്കൊണ്ടാണ് സുപ്രീംകോടതി പി.എസ്.സിയെ രൂക്ഷമായി വിമർശിച്ചത്.
യോഗ്യത അട്ടിമറിച്ച് റാങ്ക് ലിസ്റ്റ്
2012 ജൂലായ് 12ന് ഇറക്കിയ വിജ്ഞാപനം അനുസരിച്ച് ബിരുദവും എൽ.ബി.എസ്, ഐ.എച്ച്.ആർ.ഡി തുടങ്ങിയ സർക്കാർ അംഗീകൃത സ്ഥാപനങ്ങളിലെ ഡേറ്റ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ സർട്ടിഫിക്കറ്റുമായിരുന്നു യോഗ്യത.
ഹയർ ക്വാളിഫിക്കേഷൻ ഉള്ളവരെയും പരിഗണിക്കണമെന്ന് ഒരുകൂട്ടം ഉദ്യോഗാർത്ഥികൾ ഹൈക്കോടതിയെ സമീപിച്ച് അനുകൂലവിധി നേടി.
എന്നാൽ, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (ഡി.സി.എ) യോഗ്യത അംഗീകരിക്കില്ലെന്ന് പി.എസ്.സി അനുകൂലവിധി നേടി.
പക്ഷേ, ഡിപ്ളോമക്കാരെയും ഉൾപ്പെടുത്തിയാണ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. സർട്ടിഫിക്കറ്റ് മാത്രമുള്ളവർ ഹൈക്കോടതിയെ സമീപിച്ചു. ഡിപ്ളോമക്കാരെ ഒഴിവാക്കി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാൻ സിംഗിൾ ബെഞ്ച് ഉത്തരവിട്ടു. ഇതിനെതിരെയാണ് ഡിപ്ലോമക്കാർ ആദ്യം ഡിവിഷൻ ബെഞ്ചിനെയും പിന്നീട് സുപ്രീംകോടതിയെയും സമീപിച്ചത്.