വീണ്ടും ജീവൻ വയ്‌ക്കുന്ന സിൽവർ ലൈൻ
ഒരിക്കലും ചെയ്യാതിരിക്കുന്നതിനേക്കാൾ ഭേദം വൈകിയെങ്കിലും കാര്യങ്ങൾ ചെയ്യുന്നതാണ് എന്നൊരു ചൊല്ലുണ്ട്. ഒരു കാര്യം ചെയ്യാതിരിക്കാൻ പ്രത്യേകിച്ചൊരു ശ്രമവും ആവശ്യമില്ല. എന്നാൽ ഒരു പ്രവൃത്തി ചെയ്യുന്നതിന് പരിശ്രമവും ക്ഷമയും ധനവും വൈദഗ്ദ്ധ്യവും മറ്റും ഏറെ ആവശ്യമാണ്. തടസങ്ങളില്ലാതെ ആരും ഒരു പദ്ധതിയും പൂർത്തിയാക്കിയിട്ടില്ല. എതിർപ്പുകളും തടസങ്ങളും, പൂർത്തീകരിക്കേണ്ട പദ്ധതിക്ക് അനുകൂലമാക്കി മാറ്റുമ്പോഴാണ് അപ്രതീക്ഷിത വിജയങ്ങളിലേക്ക് അത് ചെന്നെത്തുന്നത്. കേരളത്തിൽ ഏതു പദ്ധതി പ്രഖ്യാപിക്കുമ്പോഴും രാഷ്ട്രീയാതിപ്രസരം കാരണം എതിർപ്പുണ്ടാകും. കാൽനൂറ്റാണ്ട് മുമ്പുതന്നെ വിഴിഞ്ഞം പദ്ധതിയെക്കുറിച്ച് ആലോചിച്ചിരുന്നതാണ്. ഇതിവിടെ നടക്കാൻ പോകുന്നില്ല എന്നു പറഞ്ഞവരായിരുന്നു കൂടുതലും. നെടുമ്പാശ്ശേരി എയർപോർട്ടിന്റെ കാര്യവും വ്യത്യസ്തമല്ല. എതിർത്തവർ തന്നെ പിന്നീട് അതിന്റെ ഗുണഭോക്താക്കളായി മാറുകയാണ് ഉണ്ടായത്.
ഒരു ഘട്ടത്തിൽ ദേശീയപാത വികസനം കേരളത്തിൽ നടക്കുകയേയില്ല എന്ന തോന്നൽ ഉളവാക്കിയതാണ്. അത് രണ്ടു വർഷത്തിനുള്ളിൽ യാഥാർത്ഥ്യമായിക്കഴിയുമ്പോൾ മാത്രമേ എതിർത്തവരുടെ വങ്കത്തത്തെക്കുറിച്ച് ജനങ്ങൾ ബോധവാന്മാരാകൂ. അതുപോലെ തന്നെയാണ് കേരളത്തിന്റെ രണ്ടറ്റങ്ങളെ കൂട്ടിമുട്ടിക്കുന്ന അതിവേഗ റെയിൽപ്പാതയായ സിൽവർ ലൈൻ പദ്ധതിയും. ഭരണകക്ഷി ഒഴികെ എല്ലാ പാർട്ടികളും ഈ പദ്ധതിയെ നഖശിഖാന്തം എതിർക്കുകയാണ്. കേരളത്തിന് ഒരു എക്സ്‌പ്രസ് ഹൈവേ വേണമെന്നു പറഞ്ഞപ്പോൾ അത് കേരളത്തെ രണ്ടായി മുറിക്കുമെന്നു വരെ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചവരുള്ള നാടാണ് നമ്മുടേത്. ഒരു ചെറിയ സംസ്ഥാനമായ കേരളത്തിൽ അതിവേഗ പാത വലിയ വിജയമായി മാറും. വന്ദേഭാരതിന്റെ വിജയം അതിനു തെളിവാണ്. വന്ദേഭാരതിൽ കയറാൻ ആദ്യത്തെ ഒരാഴ്ചയേ ആളുകളെ കിട്ടൂ എന്നുപോലും പ്രസംഗിച്ചവരുണ്ട്.
ഇഴഞ്ഞിഴഞ്ഞു പോകുന്ന രീതി പഴയ ആളുകളുടേതാണ്. പുതിയ തലമുറയ്ക്കും മറ്റും വേഗത്തിൽ ദൂരങ്ങൾ താണ്ടുന്നതിലാണ് താത്‌പര്യം. ആധുനിക കാലത്ത് മറ്റെന്തിനേക്കാൾ വിലയും മൂല്യവും സമയത്തിനാണ്. അതിനാൽ സിൽവർ ലൈൻ പദ്ധതി ഇന്നല്ലെങ്കിൽ നാളെ യാഥാർത്ഥ്യമാകേണ്ടത് സംസ്ഥാനത്തിന്റെ ഭാവി വികസനത്തിന് അനിവാര്യമാണ്. സാങ്കേതിക - പാരിസ്ഥിതിക പ്രശ്നങ്ങൾ പരിഹരിച്ചാൽ സിൽവർ ലൈൻ പദ്ധതിക്ക് അനുമതി നൽകുന്ന കാര്യം പരിഗണിക്കാമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് സൂചന നൽകിയത് പദ്ധതിക്ക് വീണ്ടും ജീവൻ വയ‌്‌ക്കാൻ വഴിയൊരുക്കും. റെയിൽവേ ആവശ്യപ്പെടുന്ന രീതിയിൽ പദ്ധതി രേഖ പുതുക്കണമെന്നാണ് മന്ത്രി സൂചിപ്പിച്ചത്. ഇതിനു തയ്യാറാണെന്ന് സംസ്ഥാനം അറിയിച്ചിട്ടുമുണ്ട്. പദ്ധതിക്ക് അനുമതി തേടി കഴിഞ്ഞയാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിലെത്തി റെയിൽവേ മന്ത്രിയെ സന്ദർശിച്ചിരുന്നു.
ചർച്ചകളിലൂടെ പരിഹരിക്കാനാവാത്ത പ്രശ്നങ്ങളില്ല. രൂപരേഖയിൽ അതനുസരിച്ച് മാറ്റം വരുത്തിയാൽ മതി. വിട്ടുകൊടുക്കുന്ന ഭൂമിക്ക് നല്ല വില കിട്ടുമെന്നതിനാൽ പഴയ കാലത്തെ എതിർപ്പ് ഭൂവുടമകൾക്ക് ഇപ്പോഴില്ല. കേരളത്തിന് അതീവ ഗുണകരമാവുന്ന ഒരു പദ്ധതി രാഷ്ട്രീയത്തിന്റെ പേരിൽ അട്ടിമറിക്കപ്പെടരുത്.
ശബരി റെയിൽപ്പാത യഥാർത്ഥ്യമാക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും റെയിൽവേ മന്ത്രി പറഞ്ഞിട്ടുണ്ട്. ഇതൊക്കെ എത്രയോ കാലം മുമ്പേ തീരേണ്ടതായിരുന്നു. അനാവശ്യ തർക്കങ്ങളും വിവാദങ്ങളും പല കാര്യങ്ങളിലും സമയത്ത് തീരുമാനമെടുക്കാതെയുള്ള സംസ്ഥാനത്തിന്റെ മെല്ലെപ്പോക്കും റെയിൽവേ വികസനത്തിന്റെ കാര്യത്തിൽ കേരളത്തെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ പിന്നിലാക്കിയിരിക്കുകയാണ് എന്നത് പ്രകടമായ വസ്തുതയാണ്. ഈ പോരായ്മകളെല്ലാം ഒറ്റയടിക്ക് പരിഹരിക്കാൻ അനുയോജ്യമാണ് സിൽവർ ലൈൻ പദ്ധതി.