ശക്തൻ സ്റ്റാൻഡ് കോൺക്രീറ്റിംഗ്: 75 ലക്ഷത്തിന്റെ കരാറിന് 3 കോടി !
തൃശൂർ: തകർന്ന ശക്തൻ സ്റ്റാൻഡിൽ ഒടുക്കം കോൺക്രീറ്റിംഗ് നടത്തുന്നു. പത്തുകൊല്ലം മുൻപ് 75 ലക്ഷത്തിന് ഉറപ്പിച്ച കരാറിന് ഇന്ന് നൽകേണ്ടി വരിക, രണ്ടര മുതൽ മൂന്ന് കോടി വരെ. രാജൻ ജെ. പല്ലൻ മേയറായിരിക്കെയാണ് ഒരു വശം 75 ലക്ഷം രൂപയ്ക്ക് കോൺക്രീറ്റിംഗ് നടത്തിയത്. കോഴിക്കോട്, ഗുരുവായൂർ കുന്നംകുളം ഭാഗത്തേക്കുള്ള ബസുകൾ നിറുത്തിയിടുന്ന ഭാഗമാണ് കോൺക്രീറ്റിംഗ് നടത്തിയത്.
പാലക്കാട്, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂർ ഭാഗത്തേക്കുള്ള ബസുകൾ നിറുത്തുന്ന ഭാഗമാണ് ഇപ്പോൾ പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്നത്. ഇതിനായും അന്ന് ടെൻഡർ വിളിക്കുകയും കരാർ ഉറപ്പിക്കുകയും ചെയ്തെങ്കിലും തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ നടന്നില്ല. പിന്നീട് ഭരണത്തിലെത്തിയ എൽ.ഡി.എഫ് കരാർ റദ്ദാക്കി. ഉടൻ കോൺക്രീറ്റിംഗ് നടത്തിയാൽ ക്രെഡിറ്റ് മുഴുവൻ മുൻ ഭരണസമിതിക്ക് പോകുമെന്ന കാരണത്താലാണ് കരാർ റദ്ദാക്കിയതത്രെ.
പച്ചക്കറിമാർക്കറ്റും, മത്സ്യ മാർക്കറ്റും ശക്തൻ സ്റ്റാൻഡിന്റെ ഒരു ഭാഗവും അന്ന് കോൺക്രീറ്റ് ചെയ്തിരുന്നു. തുടർന്നുവന്ന ഭരണസമിതി ശക്തൻ സ്റ്റാൻഡ് ഒഴികെ അരിയങ്ങാടിയും മറ്റു സ്ഥലങ്ങളും കോൺക്രീറ്റ് ചെയ്തു. എന്നിട്ടും സ്റ്റാൻഡ് സിമിന്റിടാൻ തയ്യാറായില്ല. തകർന്ന സ്റ്റാൻഡ് നന്നാക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ബസ് സമരം നടത്തിയതോടെയാണ് കോർപറേഷൻ അനങ്ങി തുടങ്ങിയത്.
ബസ് ജീവനക്കാരുമായി നടത്തിയ ചർച്ചയിൽ സ്റ്റാൻഡ് നന്നാക്കാനുള്ള നടപടികൾ സ്വീകരിക്കാമെന്ന് ഉറപ്പു നൽകി. ഇതിന്റെ ഭാഗമായി ഇന്നലെ സ്റ്റിയറിംഗ് കമ്മിറ്റി കൂടുകയും ടെൻഡർ നടപടികളിലേക്ക് കടക്കാനും ധാരണയായി. എന്നാൽ 75 ലക്ഷം രൂപയ്ക്ക് തീരേണ്ട പ്രവൃത്തിക്ക് രണ്ടര മുതൽ മൂന്നു കോടി വരെ വരുമെന്നാണ് എൻജിനിയർമാരുടെ റിപ്പോർട്ട്. കോടികൾ നഷ്ടമുണ്ടായാലും ചെയ്യാതിരിക്കാൻ പറ്റാത്ത കുരുക്കിൽ പെട്ടിരിക്കുകയാണ് ഭരണസമിതി.
കോടികളുടെ നഷ്ടം: രാജൻ പല്ലൻ
അഭിമാന പ്രശനം മൂലം കോർപറേഷൻ എൽ.ഡി.എഫ് ഭരണസമിതി കോടികളാണ് നഷ്ടമുണ്ടാക്കിയത്. പത്തു വർഷം മുമ്പ് കുറഞ്ഞ തുകയ്ക്ക് സ്റ്റാൻഡ് നന്നാക്കാൻ ഉണ്ടാക്കിയ കരാർ നടപ്പാക്കിയിരുന്നെങ്കിൽ ഇത്തരം പ്രശ്‌നങ്ങൾ ഉണ്ടാകില്ലായിരുന്നു. താൻ മേയറാരിക്കെ ചെയ്ത കോൺക്രീറ്റിംഗ് ഇപ്പോഴും യാതൊരു കുഴപ്പവുമില്ലാതെ നിലനിൽക്കുന്നുണ്ട്.
- രാജൻ പല്ലൻ, പ്രതിപക്ഷ നേതാവ്
കേസാണ് പ്രശ്നം: വർഗീസ് കണ്ടംകുളത്തി
ശക്തൻ സ്റ്റാൻഡിൽ കോൺക്രീറ്റിംഗ് വൈകിയതല്ല, കേസായിരുന്നു പ്രശ്നം. വികസനത്തിന് തീരുമാനമെടുത്തിരുന്നു. എന്നാൽ കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്തെ കേസ് നിലവിലുള്ളതിനാലാണ് നടപ്പാക്കാനാകാതെ വന്നത്. സ്റ്റാൻഡ് പൊളിച്ച് വികസനം നടത്താനാണ് ആലോചിച്ചത്. എന്തായാലും കേസ് തീർന്നു. കോൺക്രീറ്റിംഗ് ആദ്യം നടത്തും.
- വർഗീസ് കണ്ടംകുളത്തി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ
ശക്തൻ വികസനം: ഇന്ന് യോഗം
തൃശൂർ: ശക്തൻ വികസനം നടപ്പാക്കുന്നത് സംബന്ധിച്ച് ആലോചിക്കാൻ ഇന്ന് ഉച്ചയ്ക്കുശേഷം മൂന്നിന് കൗൺസിലർമാരുടെ യോഗം ചേരും. ശക്തൻ വികസനം സംബന്ധിച്ച് ഒരു കരാറുകാരനുമായി ഉണ്ടായ കേസ് അവസാനിപ്പിച്ചതിനാലാണ് പുതിയ പദ്ധതി നടപ്പാക്കാൻ യോഗം ചേരുന്നത്.