മലയാളി കൗൺസിലിന്റെ നേതൃത്വത്തിൽ മിലാനിൽ പുതിയ പ്രൊവിൻസ്

Tuesday 05 November 2024 2:10 AM IST

റോം: മലയാളികളുടെ ആഗോള സംഘടനയായ വേൾഡ് മലയാളി കൗൺസിലിന്റെ കീഴിൽ ഇറ്റലിയിലെ മിലാനിൽ പുതിയ പ്രൊവിൻസ് ആരംഭിച്ചു. യൂറോപ്യൻ റീജിയണിലെ ഏറ്റവും പുതിയ ശാഖയാണിത്. 24 അംഗങ്ങൾ ഉള്ള മിലാനിലെ പുതിയ പ്രൊവിൻസിന്റെ ഉദ്ഘാടനം സംഘടനയുടെ ഗ്ലോബൽ പ്രസിഡന്റ്‌ തോമസ് മോട്ടക്കൽ (അമേരിക്ക) നിർവഹിച്ചു. കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികൾ ഉപരി പഠനത്തിനായി യൂറോപ്യൻ രാജ്യങ്ങളിൽ എത്തുമ്പോൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാനുള്ള മാർഗങ്ങൾ മലയാളി കൗൺസിലിന്റെ പ്രൊവിൻസുകളുടെ നേതൃത്വം പ്രവർത്തിക്കണമെന്ന് തോമസ് മോട്ടക്കൽ പറഞ്ഞു.

ഗ്ലോബൽ സെക്രട്ടറി സണ്ണി വെളിയത്ത് (വിയന്ന) യൂറോപ്പ് റീജിയൻ പ്രസിഡന്റ്‌ റോബിൻ ജോസ്,ബെർലിൻ പ്രൊവിൻസ് പ്രസിഡന്റ്‌ ശബരിഷ് പണിക്കർ,റോം പ്രൊവിൻസ് പ്രസിഡന്റ്‌ ജോസ് മോൻ കമ്മട്ടിൽ,ഗ്ലോബൽ ബിസിനസ്സ് ഫോറം രക്ഷാധികാരി ഡോ. ബാബു സ്റ്റീഫൻ (യൂ.എസ്.എ) എന്നിവർ സംസാരിച്ചു.
മിലാൻ പ്രൊവിൻസ് ഭാരവാഹികളായ സോജൻ പൂത്തായിൽ (പ്രസിഡന്റ്‌) ഷീബ സോളമൻ (സെക്രട്ടറി) ഷീൻ തടത്തിൽ (ഖജാൻജി) എന്നിവർ സ്ഥാനമേറ്റു.