ബസിൽ വച്ച് ഫോൺ ചാർജ് ചെയ്യുന്നതിനിടെ വൈദ്യുതാഘാതമേറ്റ് 18കാരന് ദാരുണാന്ത്യം
ക്വലാലമ്പൂർ: ബസിൽ വച്ച് മൊബൈൽ ഫോൺ ചാർജ് ചെയ്യുന്നതിനിടെ വൈദ്യുതാഘാതമേറ്റ് 18 വയസുകാരൻ മരിച്ചു. സംഭവത്തിൽ മലേഷ്യൻ പൊലീസും സർക്കാരും അന്വേഷണം പ്രഖ്യാപിച്ചു. മൂന്ന് ദിവസം മുമ്പ് ബട്ടർവർത്തിലെ പെനാംഗ് സെൻട്രൽ ബസ് ടെർമിനലിലാണ് ദാരുണമായ അപകടമുണ്ടായത്. ക്വലാലമ്പൂരിലേക്ക് പോകാനായി ഒരു എക്സ്പ്രസ് ബസിൽ കയറിയ യുവാവാണ് ഗുരുതരമായ പരിക്കുകളെ തുടർന്ന് ബസിനുള്ളിൽ വച്ചു മരിച്ചത്.
ബസിൽ കയറിയ യുവാവ് തന്റെ മൊബൈൽ ഫോൺ ചാർജ് ചെയ്യാനായി ബസിലെ ചാർജിംഗ് സോക്കറ്റിൽ കണക്ട് ചെയ്തുവെന്നും പത്ത് മിനിറ്റുകൾക്ക് ശേഷം വലിയ നിലവിളി കേട്ട് മറ്റ് യാത്രക്കാർ നോക്കിയപ്പോൾ യുവാവിന്റെ വായിൽ നിന്ന് നുരയും പതയും വരുന്ന നിലയിലാണ് കണ്ടതെന്നും മലേഷ്യൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പരിഭ്രാന്തരായ മറ്റ് യാത്രക്കാർ ഉടനെ ആംബുലൻസ് സഹായം തേടി. പ്രദേശിക സമയം വൈകുന്നേരം 6.20ഓടെ ആബുലൻസ് സംഘം എത്തി. പാരാമെഡിക്കൽ ജീവനക്കാർ പരിശോധന നടത്തിയപ്പോഴേക്കും യുവാവ് മരണപ്പെട്ടിരുന്നതായി സ്ഥിരീകരിച്ചു.
വൈദ്യുതാഘാതമേറ്റതാണ് മരണ കാരണമെന്ന് പിന്നീട് പോസ്റ്റ്മോർട്ടം റിപ്പോർട്ട് സ്ഥിരീകരിച്ചു.