'ബൂത്ത് പ്രസിഡന്റിനെ മാറ്റാനുള്ള കരുത്ത് പോലുമില്ല, പിന്നെങ്ങനെ വലിയ ആളുകളെ മാറ്റും?'; മറുപടിയുമായി സി കൃഷ്‌ണകുമാർ
പാലക്കാട്: പാർട്ടി നേതൃത്വവുമായി ഇടഞ്ഞ് നിൽക്കുന്ന സന്ദീപ് വാര്യർക്ക് മറുപടിയുമായി പാലക്കാട്ടെ ബിജെപി സ്ഥാനാർത്ഥി സി കൃഷ്‌ണകുമാർ. സന്ദീപ് വാര്യരെ ഒതുക്കാൻ പറ്റുന്നത്ര വലിയ ആളല്ല താനെന്ന് അദ്ദേഹം ഒരു മാദ്ധ്യമത്തോട് പറഞ്ഞു.
'ഒരു ബൂത്ത് പ്രസിഡന്റിനെ പോലും മാറ്റാനുള്ള കരുത്ത് എനിക്കില്ല. പിന്നെയാണ് വലിയ ആളുകളെ മാറ്റുന്നത്. ഇപ്പോഴുണ്ടായ പ്രതിസന്ധി ബിജെപി അതീജീവിക്കും. സന്ദീപ് ഉയർത്തിക്കാട്ടിയ വിഷയങ്ങളൊന്നും പാലക്കാട് ബാധിക്കില്ല. വികസന വിഷയം മാത്രമാണ് പാലക്കാട്ടെ ചർച്ച. വിവാദങ്ങളല്ല വികസനമാണ് നമുക്ക് വേണ്ടത്. ബിജെപിക്ക് കോട്ടമുണ്ടാക്കാനാണ് രഥോത്സവ ദിവസം വോട്ടെടുപ്പ് വച്ചത്. കൽപ്പാത്തിയിൽ ബിജെപിയുടെ വോട്ട് കുറയ്‌ക്കാനായിരുന്നു രണ്ട് മുന്നണികളുടെയും ശ്രമം. അതിനുള്ള തന്ത്രങ്ങളാണ് എൽഡിഎഫും യുഡിഎഫും പയറ്റിയത് ', കൃഷ്‌ണകുമാർ കുറ്റപ്പെടുത്തി.
പറഞ്ഞ കാര്യങ്ങളിൽ മാറ്റമില്ലെന്നും അതിൽ ഉറച്ച് നിൽക്കുന്നുവെന്നുമാണ് സന്ദീപ് വാര്യർ ഇന്ന് രാവിലെ പ്രതികരിച്ചത്. നേതാക്കൾ കഴിഞ്ഞ ദിവസം രാത്രി വന്നുകണ്ടതിനെ ചർച്ചയായി വ്യാഖ്യാനിക്കരുതെന്നും സന്ദീപ് മാദ്ധ്യമങ്ങളോട് പറഞ്ഞു. താൻ വ്യക്തി ആരാധനയിൽ വിശ്വസിക്കുന്നയാളല്ലെന്നും പ്രത്യയശാസ്ത്രത്തെ അനുസരിച്ചാണ് മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, സന്ദീപ് വാര്യർ പരസ്യപ്രതികരണം ഒഴിവാക്കണമെന്ന് ആർഎസ്‌എസ് നിർദേശിച്ചിട്ടുണ്ടായിരുന്നു. മാദ്ധ്യമങ്ങളോട് കൂടുതൽ പ്രതികരിക്കേണ്ടതില്ലെന്നാണ് നിർദേശം നൽകിയിരിക്കുന്നത്. ആർഎസ്‌എസ് പ്രതിനിധിയായ എ ജയകുമാറിനോട് പ്രശ്‌നങ്ങൾ പറഞ്ഞു. തന്റെ പരാതികൾ നേരത്തെ കേട്ടിരുന്നുവെങ്കിൽ ഈ പ്രശ്‌നം ഉണ്ടാകുമായിരുന്നില്ല എന്ന് നേരത്തെ സന്ദീപ് വ്യക്തമാക്കിയിരുന്നു.