ഓട്ടോറിക്ഷയുടെ പേരിൽ ബെറ്റ്; പടക്കത്തിന്റെ മുകളിൽ ഇരുന്ന യുവാവിന് ദാരുണാന്ത്യം

Tuesday 05 November 2024 10:27 AM IST

ബംഗളൂരു: സുഹൃത്തുക്കളുമായി ബെറ്റ് വച്ച് പടക്കത്തിന് മുകളിൽ ഇരുന്ന യുവാവ് പടക്കം പൊട്ടി മരിച്ചു. ഒക്ടോബർ 31ന് ബംഗളൂരുവിലാണ് സംഭവം നടന്നത്. ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ശബരീഷാണ് (32)​ ഇന്നലെ മരിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

മദ്യലഹരിയിലായിരുന്ന യുവാക്കൾ നടത്തിയ ബെറ്റാണ് ശബരിയുടെ മരണത്തിന് കാരണമായത്. പടക്കം പൊട്ടിക്കുമ്പോൾ മുകളിൽ ഇരുന്നാൽ ഓട്ടോറിക്ഷ നൽകാമെന്ന് പറഞ്ഞാണ് സുഹൃത്തുക്കൾ ബെറ്റ് വച്ചത്. പിന്നാലെ ശബരീഷ് സമ്മതിച്ചു. പടക്കം വച്ചിരിക്കുന്ന ഒരു വലിയ കാർഡ് ബോർഡ് പെട്ടിയുടെ മുകളിൽ ശബരീഷ് ഇരിക്കുന്നതും മറ്റുള്ളവർ തിരിയിൽ തീ കൊടുത്ത ശേഷം ഓടുന്നതും വീഡിയോയിൽ കാണാം.

പിന്നാലെ പടക്കം പൊട്ടുകയും ശബരീഷ് താഴെ വീഴുകയും ചുറ്റും പുക ഉയരുകയും ചെയ്യുന്നു. പടക്കം പൊട്ടിയതിനെ തുടർന്ന് കുഴഞ്ഞുവീണ ശബരീഷിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചു. ഗുരുതരമായി പൊള്ളലേറ്റ ശബരീഷ് ആശുപത്രിയിൽ ചികിത്സലിരിക്കെയാണ് മരിച്ചത്. അപകടത്തിൽ ശബരീഷിന്റെ ആന്തരികാവയവങ്ങളെല്ലാം തകർന്നിരുന്നുവെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ നരഹത്യക്ക് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ആറ് പേരെ അറസ്റ്റ് ചെയ്തെന്നും പൊലീസ് അറിയിച്ചു.