മത്സരത്തിനിടെ ഗ്രൗണ്ടിൽ  ഇടിമിന്നൽ പതിച്ചു; ഫുട്‌ബോൾ  താരത്തിന്  ദാരുണാന്ത്യം, നാലുപേർക്ക് പരിക്ക്

Tuesday 05 November 2024 4:15 PM IST

ലിമ: പ്രാദേശിക ഫുട്‌ബോൾ മത്സരത്തിനിടെ ഇടിമിന്നലേറ്റ ഫുട്‌ബോൾ താരത്തിന് ദാരുണാന്ത്യം. സഹകളിക്കാരായ നാലുപേർക്ക് പരിക്കേറ്റു. ഞായറാഴ്ച പെറുവിലെ ചിൽകയിലുള്ള സ്റ്റേഡിയത്തിലാണ് ദാരുണസംഭവം അരങ്ങേറിയത്. പെറുവിന്റെ തലസ്ഥാനമായ ലിമയിൽ നിന്ന് 70 കിലോമീറ്റർ മാറിയാണ് ഇത്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

പ്രതിരോധനിര താരമായ ഫ്യൂഗോ ഡി ലാ ക്രൂസ് (39) എന്നയാളാണ് മരിച്ചതെന്നാണ് വിവരം.യുവെന്റൂഡ് ബെലാവിസ്തയും ഫാമിലിയ ചോക്കയും തമ്മിലുള്ള മത്സരത്തിന്റെ 22-ാം മിനിട്ടിലാണ് ഗ്രൗണ്ടിൽ ഇടിമിന്നൽ പതിച്ചത്. കനത്ത മഴയെയും കാറ്റിനെയും തുടർന്ന് മത്സരം നിർത്തിവച്ചതിനാൽ താരങ്ങൾ ഗ്രൗണ്ടിൽ നിന്ന് മടങ്ങുമ്പോഴാണ് അപകടം ഉണ്ടായത്. മിന്നലേറ്റ് താരങ്ങൾ കൂട്ടത്തോടെ മുഖമിടിച്ച് ഗ്രൗണ്ടിൽ പതിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. ഇടിമിന്നലിന് പിന്നാലെ ചെറിയ തീഗോളം രൂപപ്പെടുന്നതും പുക ഉയരുകയും ചെയ്തു. മിന്നലേറ്റവരെ ഉടൻ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ഫ്യൂഗോയുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.