അശ്രദ്ധമായി കാറോടിച്ചത് ചോദ്യംചെയ്‌ത ദളിത് വിദ്യാർത്ഥിയെ വീടുകയറി മർദിച്ചു; ബിയർ കുപ്പികൊണ്ട് തലയ്‌ക്കടിച്ചു

Tuesday 05 November 2024 4:22 PM IST

തിരുനെൽവേലി: തമിഴ്‌നാട്ടിലെ തിരുനെൽവേലിയിൽ വീണ്ടും ദളിത് വിദ്യാർത്ഥിക്ക് നേരെ ആക്രമണം. രണ്ടാം വർഷ പോളിടെക്‌നിക് വിദ്യാർത്ഥിയെ ആണ് പ്രബല ജാതിയിൽപ്പെട്ട യുവാക്കൾ ആക്രമിച്ചത്. ഇന്നലെ രാത്രി മേളപട്ടം ഗ്രാമത്തിലെ വീട്ടിൽ അതിക്രമിച്ച് കയറിയായിരുന്നു ആക്രമണം.

അഞ്ചുപേരടങ്ങുന്ന സംഘം ആണ് വിദ്യാർത്ഥിയെ മർദിച്ചത്. ബിയർ കുപ്പി കൊണ്ട് തല അടിച്ച് പൊട്ടിച്ചു. വാക്കത്തി ഉപയോഗിച്ച് വെട്ടി പരിക്കേൽപ്പിച്ചു. ഉച്ചയ്‌ക്ക് അമിത വേഗത്തിൽ കാർ ഓടിച്ചത് ചോദ്യം ചെയ്‌തതാണ് അക്രമികളെ പ്രകോപിപ്പിച്ചത്. പരിക്കേറ്റ വിദ്യാർത്ഥി ഇപ്പോൾ തിരുനെൽവേലി മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

തിങ്കളാഴ്‌ച ഉച്ചകഴിഞ്ഞ് വീടിന് സമീപം നടക്കുമ്പോൾ അമിത വേഗതയിൽ വന്ന കാർ തൊട്ടരികിലൂടെ കടന്നുപോയി. തലനാരിഴയ്‌ക്കാണ് വിദ്യാർത്ഥി രക്ഷപ്പെട്ടത്. അശ്രദ്ധമായി വാഹനമോടിക്കരുതെന്ന് വിദ്യാർത്ഥി ആവശ്യപ്പെട്ടു. തുടർന്ന് കാറിലുണ്ടായിരുന്നവർ ദേഷ്യപ്പെട്ട് സംസാരിച്ചു. പിന്നീട് രാത്രി സംഘമായി വന്ന് ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് ഇതുവരെ അക്രമികളെ പിടികൂടിയില്ലെന്ന് പരാതിയുണ്ട്. അക്രമി സംഘം ഒളിവിലാണെന്നാണ് സൂചന.