ആലപ്പുഴയിലെ ആ പ്രശസ്ത ഹോട്ടൽ കെഎസ്ആർടിസിയുടെ ലിസ്‌റ്റിലും

Tuesday 05 November 2024 4:26 PM IST

ആലപ്പുഴ : ശുചിത്വം ഉറപ്പാക്കി യാത്രക്കിടെ ഭക്ഷണം കഴിക്കാൻ നിർത്തുന്ന ഹോട്ടലുകളുടെ പട്ടിക കെ.എസ്.ആർ.ടി.സി കഴിഞ്ഞദിവസം പുറത്തുവിട്ടു. ജില്ലയിൽ നാലു ഹോട്ടലുകൾ പട്ടികയിൽ ഇടം പിടിച്ചു. കെ.എസ്.ആർ.ടി.സിയുടെ മാനദണ്ഡങ്ങൾക്കും നിർദ്ദേശങ്ങൾക്കും അനുസരിച്ച് പ്രവർത്തിക്കാമെന്ന വ്യവസ്ഥയിൽ തിരുവമ്പാടി, പുന്നപ്ര, കരുവാറ്റ, നങ്ങ്യാർകുളങ്ങര എന്നിവടങ്ങളിലെ സ്വകാര്യ ഹോട്ടലുകളിലാണ് യാത്രക്കാർക്ക് വേണ്ടി വാഹനം നിർത്താൻ അംഗീകരം നൽകിയത്.

സംസ്ഥാനത്ത് കെ.എസ്.ആർ.ടി.സിയുടെ വിവിധ ഡിപ്പോകളിൽ പ്രവർത്തിക്കുന്ന കാന്റീനുകൾക്ക് പുറമെയാണ് വിവിധ ജില്ലകളിലായി 24 ഹോട്ടലുകളുടെ പട്ടിക പ്രസിദ്ധീകരിച്ചത്. ദേശീയപാതയിൽ ജില്ലയിൽ ചേർത്തല, ആലപ്പുഴ, ഹരിപ്പാട്, കായംകുളം ഡിപ്പോകളിലാണ് കാന്റീനുകൾ ഉണ്ടായിരുന്നത്. ഇതിൽ ആലപ്പുഴ, ഹരിപ്പാട് ഡിപ്പോകളിലെ കാന്റീനുകൾക്ക് താഴുവീണിട്ട് മാസങ്ങൾ കഴിഞ്ഞു. ജില്ലാ ഓഫീസ് പ്രവർത്തിക്കുന്ന ഹരിപ്പാട് ഡിപ്പോയിൽ ആധുനികകെട്ടിട സൗകര്യം ഉണ്ടെങ്കിലും കാന്റീൻ ഏറ്റെടുത്ത് നടത്താൻ സ്ഥാപനങ്ങൾ രംഗത്ത് വന്നിട്ടില്ല. വാടക കൂടുതലായതാണ് കാരണം.

മാനദണ്ഡമാക്കിയത് ഗുണവും ശുചിത്വവും

മാനദണ്ഡമാക്കിയത് ഭക്ഷണത്തിന്റെ ഗുണനിലവാരം, വില, ശൗചാലയ സൗകര്യങ്ങൾ, പാർക്കിംഗ് സൗകര്യങ്ങൾ.

ഭക്ഷണംകഴിക്കാനായി നിർത്തുന്ന ഹോട്ടലുകളുടെ പേരും സമയവും ഡ്രൈവറുടെ സീറ്റിനു പിന്നിലായി പ്രദർശിപ്പിക്കണം.

നിശ്ചിത സമയത്തിനിടയിൽ ബസുകൾ നിർത്താനുമുള്ള നിർദേശം ഡിപ്പോകൾക്കു നൽകി.

ഭക്ഷണസമയം

 പ്രഭാതഭക്ഷണം : രാവിലെ ഏഴര മുതൽ 12 മണി വരെ

 ഉച്ചഭക്ഷണം : ഉച്ചക്ക് 12.30 മുതൽ രണ്ടു മണി വരെ

 സായാഹ്നഭക്ഷണം : വൈകിട്ട് നാല് മുതൽ ആറു വരെ

 രാത്രി ഭക്ഷണം : രാത്രി എട്ടു മണി മുതൽ രാത്രി 11 വരെ

ഹോട്ടലുകളും സ്ഥലവും
1. ആദിത്യ ഹോട്ടൽ നങ്ങ്യാർകുളങ്ങര, കായംകുളം
2. ഏവീസ് പുട്ട് ഹൗസ് പുന്നപ്ര, ആലപ്പുഴ
3. റോയൽ 66 കരുവാറ്റ, ഹരിപ്പാട്
4. ഇസ്താംബുൾ തിരുവമ്പാടി,ആലപ്പുഴ