തഗ് ലൈഫിൽ തൃഷയുടെ കഥക്

Wednesday 06 November 2024 2:48 AM IST

മണിരത്നം - കമൽഹാസൻ ചിത്രം തഗ് ലൈഫിൽ സൂഫി സ്റ്റൈൽ കഥക് നൃത്തവുമായി തെന്നിന്ത്യൻ സുന്ദരി തൃഷ. എ.ആർ. റഹ്മാന്റെ സംഗീതത്തിൽ ഒരുങ്ങുന്ന ഗാനത്തിന്റെ ചിത്രീകരണം മുംബയ് റോയൽ ഒപ്പറ ഹൗസിൽ പുരോഗമിക്കുന്നു. മണിരത്നം - എ.ആർ. റഹ്മാൻ ചിത്രം ബോംബെയിൽ കണ്ണലനെ എന്ന ഗാനരംഗത്തെ അനുസ്മരിപ്പിക്കുന്നതാണ് ഗാനരംഗം.

പൊന്നിയിൻ സെൽവൻ രണ്ടിനുശേഷം തൃഷ വീണ്ടും മണിരത്നം ചിത്രത്തിന്റെ ഭാഗമാകുകയാണ്. തെന്നിന്ത്യയിലും മലയാളത്തിലും കൂടുതൽ സജീവമാണ് തൃഷ. തമിഴിൽ അജിത്ത് ചിത്രങ്ങളായ വിടാമുയർച്ചി, ഗുഡ് ബാഡ് അഗ്ളി. തെലുങ്കിൽ ചിരഞ്ജീവിയുടെ നായികയായി വിശ്വംഭര, മലയാളത്തിൽ മോഹൻലാലിനൊപ്പം റാം, ടൊവിനോ തോമസിനൊപ്പം ഐഡന്റിറ്റി എന്നിവയാണ് ചിത്രങ്ങൾ. വിജയ് ചിത്രം ഗോട്ടിൽ ഗാനരംഗത്താണ് തൃഷ അവസാനം പ്രത്യക്ഷപ്പെട്ടത്. 37 വർഷത്തിനുശേഷം കമൽ ഹാസനും മണിരത്നവും ഒരുമിക്കുന്ന തഗ് ലൈഫ് ബ്രാഹ്മാണ്ഡ ചിത്രമായാണ് എത്തുന്നത്. ഛായാഗ്രഹണം രവി കെ. ചന്ദ്രൻ. എഡിറ്റർ ശ്രീകർ പ്രസാദ്. രാജ് കമൽ ഫിലിംസ് ഇന്റർനാഷണൽ, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആർ. മഹേന്ദ്രൻ, ശിവ അനന്ത് എന്നിവർ ചേർന്നാണ് നിർമ്മാണം.