കെ റെയിലിന് കേന്ദ്രം അനുമതി നൽകിയാലും കേരളത്തിൽ നടപ്പാക്കാൻ അനുവദിക്കില്ലെന്ന് വി ഡി സതീശൻ

Tuesday 05 November 2024 7:11 PM IST

തിരുവനന്തപുരം: കെ റെയിൽ പദ്ധതിക്ക് കേന്ദ്രം അനുമതി നൽകിയാലും കേരളത്തിൽ നടപ്പാക്കാൻ അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. കെ റെയിൽ പദ്ധതി നടപ്പാക്കരുതെന്നാണ് പ്രതിപക്ഷ നിലപാടെന്നും സതീശൻ വ്യക്തമാക്കി.

നിരവധി പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് സാദ്ധ്യതയുള്ള സംസ്ഥാനമാണ് കേരളം. 30 അടി ഉയരത്തിൽ 300 കിലോമീറ്റർ ദൂരത്തിലാണ് കെ റെയിൽ പാത പണിയുന്നതാണ്. ഇത് കേരളത്തെ ഇല്ലായ്മ ചെയ്യുന്നതാണ്. ഖജനാവിൽ പണമില്ലാതെ ക്ഷേമപദ്ധതികൾ മുടങ്ങി കിടക്കുമ്പോഴാണ് രണ്ടുലക്ഷം കോടിയുടെ പദ്ധതിയുമായി സംസ്ഥാന സർക്കാർ മുന്നോട്ടു പോകുന്നതെന്ന് സതീശൻ ചൂണ്ടിക്കാട്ടി. കേരളത്തെ ശ്രീലങ്കയാക്കാനാണ് സർക്കാരിന്റെ തീരുമാനമെന്നും അദ്ദേഹം ആരോപിച്ചു.

നിലവിലുള്ള റെയിൽപാതയുടെ വളവുകളിൽ ആവശ്യമായ മാറ്റം വരുത്തുന്നതിനൊപ്പം ഓട്ടോമാറ്റിക് സിഗ്നൽസിസ്റ്റം കൂടി വരുന്നതോടെ തിരുവനന്തപുരത്ത് നിന്ന് നാലരമണിക്കൂർ കൊണ്ട് കാസർകോട് എത്താൻ കഴിയും. വെറും അരമണിക്കൂർ സമയലാഭത്തിന് വേണ്ടി ഇതുപോലൊരു ദുരന്തം ഉണ്ടാക്കി വയ്ക്കേണ്ടതില്ലെന്നും സതീശൻ പറഞ്ഞു.