'അഭിപ്രായ സര്‍വേകളെ കാര്യമാക്കേണ്ട', അടുത്ത അമേരിക്കന്‍ പ്രസിഡന്റിനെ പ്രവചിച്ച് അലന്‍ ലിക്ടമാന്‍

Tuesday 05 November 2024 7:12 PM IST

വാഷിംഗ്ടണ്‍ ഡിസി: ജോ ബൈഡന്റെ പിന്‍ഗാമിയാരെന്ന് നിര്‍ണയിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. ആരായിരിക്കും 47ാമത് പ്രസിഡന്റ് എന്നറിയാനുള്ള ആകാംഷയിലാണ് അമേരിക്കന്‍ ഐക്യനാടുകള്‍ക്കൊപ്പം ലോകവും. ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയും ബൈഡന്റെ ഡെപ്യൂട്ടിയുമായ കമലാ ഹാരിസ് പ്രസിഡന്റ് പദവിയിലെത്തുന്ന ആദ്യത്തെ വനിതയാകുമോ അതോ ഇടവേളയ്ക്ക് ശേഷം ഡോണള്‍ഡ് ട്രംപ് വൈറ്റ്ഹൗസിലേക്ക് മടങ്ങിയെത്തുമോ?

ജനപ്രതിനിധി സഭയിലെ 435 സീറ്റിലേക്കും നൂറംഗ സെനറ്റിലെ 33 സീറ്റിലേക്കുമുള്ള തിരഞ്ഞെടുപ്പാണ് പുരോഗമിക്കുന്നത്. ബുധനാഴ്ച ഇന്ത്യന്‍ സമയം രാവിലെ 7.30-ന് മുമ്പ് വോട്ടെടുപ്പ് പ്രക്രിയ അവസാനിക്കും. വോട്ടെടുപ്പ് പൂര്‍ത്തിയായാല്‍ എക്‌സിറ്റ് പോള്‍ ഫലം പുറത്തെത്തും. ഔദ്യോഗിക ഫലപ്രഖ്യാപനം 2025 ജനുവരി ആറിനാണ്. 17 കോടി വോട്ടര്‍മാരാണ് ആകെയുള്ളത്. ഇതില്‍ 7.5 കോടി പേര്‍ ബാലറ്റിലൂടെയും ഇ-മെയില്‍ മുഖേനയും മുന്‍കൂര്‍ വോട്ട് ചെയ്തിട്ടുണ്ട്.

ഇപ്പോഴിതാ ആരായിരിക്കും അമേരിക്കയുടെ അടുത്ത പ്രസിഡന്റെന്ന് പ്രവചിക്കുകയാണ് അലന്‍ ലിക്ടമാന്‍. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പ്രവചനങ്ങള്‍കൊണ്ട് ശ്രദ്ധേയനാണ് അലന്‍ ലിക്ട്മാന്‍. പുറത്തുവന്നിട്ടുള്ള അഭിപ്രായ സര്‍വേകളെ കാര്യമാക്കേണ്ടതില്ലെന്നാണ് ലിക്ടമാന്‍ പറയുന്നത്. റിപബ്ലിക്കനായ ഡോണള്‍ഡ് ട്രംപിന് നേരിയ മുന്‍തൂക്കം നല്‍കുന്നതാണ് സര്‍വേ ഫലങ്ങള്‍ എന്നിരിക്കെ ചരിത്രം കുറിച്ചുകൊണ്ട് കമല ഹാരിസ് അമേരിക്കന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുമെന്നാണ് ലിക്ട്മാന്റെ പ്രവചനം.

'അമേരിക്കയുടെ ആദ്യ വനിതാ പ്രസിഡന്റായും, ഈ സ്ഥാനത്ത് എത്തുന്ന ആദ്യത്തെ ഏഷ്യന്‍ - ആഫ്രിക്കന്‍ വംശജയെന്ന ഖ്യാതിയോടെയും കമല വിജയിക്കും'. എന്‍ഡിടിവിക്ക് നല്‍കിയ പ്രതികരണത്തില്‍ അദ്ദേഹം പറയുന്നു. പ്രചാരണങ്ങള്‍ക്കും ഉപരിയായി സര്‍ക്കാരിന്റെ ഭരണനിര്‍വ്വഹണത്തില്‍ ഊന്നിയാണ് അമേരിക്കന്‍ ജനത വോട്ട് ചെയ്യുന്നതെന്നാണ് ലിക്ടമാന്റെ നിരീക്ഷണം.