കൃഷ്‌ണയ്യരെ വിമർശിച്ചു; പുലിവാൽ പിടിച്ച് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ്

Wednesday 06 November 2024 4:38 AM IST

പരാമർശം അനാവശ്യം: ജസ്റ്റിസ് നാഗരത്ന

ന്യൂഡൽഹി : പൊതുനന്മയ്‌ക്കായി സ്വകാര്യ സ്വത്ത് ഭരണകൂടത്തിന് ഏറ്റെടുക്കാമെന്ന ജസ്റ്റിസ് വി.ആർ. കൃഷ്‌ണയ്യരുടെ നിലപാടിനെ കടുത്ത ഭാഷയിലാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് വിധിയിൽ തള്ളിപറഞ്ഞത്. ഭരണഘടനയുടെ ആത്മാവിനോടുള്ള അവഹേളനമാണ് കൃഷ്‌ണയ്യർ നടത്തിയതെന്ന് പരാമർശിച്ചു. കൃഷ്‌ണയ്യരും ചിന്നപ്പ റെഡ്‌ഡിയും ഒരു പ്രത്യേക സാമ്പത്തിക തത്വചിന്തയുടെ സ്വാധീനത്തിന് അടിപ്പെട്ടാണ് വിധിയെഴുതിയിരിക്കുന്നത്. ഭരണഘടനയിലെ അനുച്ഛേദം 39(ബി)യുമായി ചേർന്നുപോകുന്നതല്ല വിധിയെന്നും നിരീക്ഷിച്ചു.

ജസ്റ്റിസ് കൃഷ്‌ണയ്യരെ ചന്ദ്രചൂഡ് വിമർശിച്ചതിനെ ബെഞ്ചിലെ ജസ്റ്റിസ് ബി.വി. നാഗരത്ന അംഗീകരിച്ചില്ല. പരാമർശം അന്യായവും അനാവശ്യവുമാണ്. സുപ്രീംകോടതിയാണ് ജഡ്‌ജിമാരേക്കാൾ മഹത്തരമായിട്ടുള്ളത്. രാജ്യത്തിന്റെ ചരിത്രത്തിലെ വിവിധ ഘട്ടങ്ങളിൽ സുപ്രീംകോടതിയുടെ ഭാഗമായി നിന്നവർ മാത്രമാണ് ജുൻ ജഡ്‌ജിമാർ. ഭരണഘടനാ ശില്പികളുടെ ദർശനത്തെ അടിസ്ഥാനപ്പെടുത്തിയാണ് അവർ പ്രവർത്തിച്ചത്. മാറിയ സാമ്പത്തിക സാഹചര്യം നോക്കി കളങ്കപ്പെടുത്താനാകില്ലെന്നും നാഗരത്ന നിലപാടെടുത്തു.

ചന്ദ്രചൂഡിന്റെ വിമർശനം കഠിനമെന്നും ഒഴിവാക്കപ്പെടേണ്ടത് ആയിരുന്നുവെന്നും ഭിന്ന വിധിയെഴുതിയ ജസ്റ്റിസ് സുധാൻഷു ധൂലിയ വ്യക്തമാക്കി. നീതിയുടെയും സമത്വത്തിന്റെയും തത്വങ്ങളെ അടിസ്ഥാനമാക്കിയാണ് മുൻ ജഡ്‌ജിമാരുടെ വിധി. ഇരുട്ടുനിറഞ്ഞ കാലഘട്ടത്തിൽ നമ്മുടെ പാതയിൽ വെളിച്ചം തെളിച്ചവരാണ്. മനുഷ്യനെ ചേർത്തുപിടിക്കുന്നതായിരുന്നു അവരുടെ ജുഡിഷ്യൽ തത്വശാസ്ത്രമെന്നും സുധാൻഷു ധൂലിയ കൂട്ടിച്ചേർത്തു.

# മഹാരാഷ്ട്ര ഹൗസിംഗ് ആൻ്റ് ഏരിയ ഡെവലെപ്മെന്റ് ആക്ട് ഭേദഗതിപ്രകാരം സർക്കാർ ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ വിലയുമായി ബന്ധപ്പെട്ട ഹർജിയിലാണ് ഭരണഘടനയിലെ 39 ബി അനുഛേദം വിലയിരുത്താൻ മാത്രമായി ഇപ്പോൾ വിഷയം ഒൻപതംഗ ഭരണഘടനാ ബെഞ്ചിന് മുന്നിലെത്തിയത്.