കേരളത്തിൽ സി. പി.എം വോട്ട് 7% കുറഞ്ഞു, അവലോകന റിപ്പോർട്ട് കേന്ദ്രകമ്മിറ്റിയിൽ
ന്യൂഡൽഹി: ബി.ജെ.പി സർക്കാർ കേന്ദ്രത്തിൽ അധികാരത്തിൽ വന്ന് പത്തു വർഷത്തിനുള്ളിൽ സി.പി. എമ്മിന് കേരളത്തിൽ ഏഴു ശതമാനം വോട്ട് കുറഞ്ഞതിൽ ആശങ്കയുമായി കേന്ദ്രകമ്മിറ്റിയിൽ അവതരിപ്പിച്ച രാഷ്ട്രീയ അവലോകന റിപ്പോർട്ട്.
സി. പി. എമ്മിന് കൂടുതൽ കരുത്തുള്ള കേരളത്തിൽ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ തളർച്ചയുണ്ടായി. 2014 ലോക്സഭാ തിരഞ്ഞെടുപ്പിൽ 40.42ശതമാനം വോട്ടുണ്ടായിരുന്നത് 33.35 ശതമാനമായി കുറഞ്ഞു. ബി.ജെ പിയും ആർ.എസ്. എസും സംസ്ഥാനത്തും രാജ്യത്താകെയും മുന്നേറ്റം നടത്തുന്നതിനെ ശക്തമായി ചെറുക്കണം. കേരളത്തിലെ ബി. ജെ.പിയുടെ മുന്നേറ്റം കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രകടമായിരുന്നു. 'ഇന്ത്യ' മുന്നണിക്ക് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് കടിഞ്ഞാണിടാൻ കഴിഞ്ഞെങ്കിലും സി.പി.എമ്മിന് സ്വന്തമായി വളർച്ചയുണ്ടായില്ലെന്ന വിമർശനവും റിപ്പോർട്ടിലുണ്ട്. സ്വതന്ത്രമായി വളരാൻ പ്രാദേശിക പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കണം.
2025 ഏപ്രിലിൽ മധുരയിൽ നടക്കുന്ന പാർട്ടി കോൺഗ്രസിനു മുന്നോടിയായുള്ള റിപ്പോർട്ടാണിത്. കമ്മ്യൂണിസ്റ്റ് നിലപാടുകളുമായി സ്വന്തം പ്രസക്തി നിലനിർത്തണം.
ഹിന്ദുത്വ അജണ്ടകൾക്കെതിരെ മതേതര 'ഇന്ത്യ'മുന്നണിയിൽ പ്രവർത്തിക്കുമ്പോഴും കോൺഗ്രസിന്റെ സാമ്പത്തിക നവലിബറൽ നയങ്ങളെയും മൃദുഹിന്ദുത്വ നിലപാടിനെയും സൂക്ഷിക്കണം. അവ സി.പി.എമ്മിന്റെ പ്രവർത്തനങ്ങളെ തടസപ്പെടുത്താൻ അനുവദിക്കരുത്. അക്കാര്യങ്ങളിൽ കോൺഗ്രസുമായി അകലം പാലിക്കണം.
സോഷ്യലിസം ബദലെന്ന നിലപാടിൽ മുന്നേറണം. മധ്യവർഗത്തിൽ അടക്കം വന്ന മാറ്റങ്ങൾ ഉൾക്കൊള്ളണം. അടിസ്ഥാന വർഗങ്ങളുമായി ഒന്നിച്ച് പ്രവർത്തിക്കണം. സ്ത്രീകളെയുൾപ്പെടെ ബാധിക്കുന്ന ഇസ്ലാമിക തീവ്രാദത്തിനെതിരെ ശബ്ദമുയർത്തണം. ഇടത് ഐക്യത്തിനായും റിപ്പോർട്ടിൽ ആഹ്വാനമുണ്ട്.
റിപ്പോർട്ട് കീഴ്ഘടകങ്ങളിൽ ചർച്ച ചെയ്‌ത് ഉരുത്തിരിയുന്ന വസ്‌തുതകൾ അടിസ്ഥാനമാക്കിയാണ് കേന്ദ്ര കമ്മിറ്റി പാർട്ടി കോൺഗ്രസിനുള്ള രാഷ‌്‌ട്രീയ കരട് പ്രമേയങ്ങൾ തയ്യാറാക്കുക.