മിന്നും ജയത്തോടെ ട്രംപ് വീണ്ടും വൈറ്റ് ഹൗസിലേക്ക്, തിരുത്തിയത് 127 വർഷത്തെ ചരിത്രം

Wednesday 06 November 2024 1:30 PM IST

വാഷിംഗ്‌ടൺ: അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിന് മിന്നും വിജയം. ജയിക്കാൻ വേണ്ട 270 ഇലക്ട്രൽ വോട്ടുകൾ അദ്ദേഹം നേടിക്കഴിഞ്ഞു. 280 ഇലക്ട്രൽ വോട്ടുകളാണ് ട്രംപ് ഇതുവരെ നേടിയത്.നാലുവർഷത്തിനുശേഷമാണ് ട്രംപ് വീണ്ടും വൈറ്റ് ഹൗസിന്റെ പടി ചവിട്ടുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് തോന്നിച്ചെങ്കിലും ജോ ബൈഡനോട് പരാജയപ്പെടുകയായിരുന്നു. അധികാരത്തിലെത്തുന്നതോടെ 127 വർഷത്തിനുശേഷം, തുടർച്ചയായല്ലാതെ വീണ്ടും അമേരിക്കൻ പ്രസിഡന്റാകുന്ന വ്യക്തിയാകും ട്രംപ്.

ഇത്തവണ കടുത്ത വെല്ലുവിളി ഉയർത്തിയ ഡെമോക്രാറ്റിക്ക് സ്ഥാനാർത്ഥി കമല ഹാരിസിന് 214 ഇലക്ട്രൽ വോട്ടുകൾ മാത്രമാണ് നേടാനായത്. വിജയം ഉറപ്പിച്ചതോടെ ട്രംപ് അണികളെ അഭിസംബോധന ചെയ്തു. എക്കാലത്തെയും ചരിത്ര വിജയമാണ് തന്റേതെന്നും അമേരിക്കയെ സുവർണ കാലത്തിലേക്ക് നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കമല നാളെ മാത്രമേ അണികളെ അഭിസംബോധന ചെയ്യൂ.

വിജയം ഉറപ്പിച്ചതോടെ ട്രംപ് അനുകൂലികൾ തെരുവുകളിൽ ആനന്ദ നൃത്തമാടുകയാണ്. എന്നാൽ ഡെമോക്രാറ്റിക്ക് ക്യാമ്പുകളിൽ കടുത്ത നിരാശയാണ്.

അലബാമ, അർകെൻസ, ഫ്ലോറിഡ, ലൂസിയാന, മിസോറി, മിസിസിപ്പി, മൊണ്ടാന, നോർത്ത് ഡെക്കോഡ, സൗത്ത് ഡെക്കോഡ, ടെനിസി, ടെക്‌സസ്, യൂട്ടാ, വെസ്റ്റ് വിർജീനിയ, വയോമിംഗ്, കാൻസസ് എന്നീ സംസ്ഥാനങ്ങളിൽ ട്രംപിനാണ് മുന്നേറ്റം. കൊളറാഡോ, കനക്‌ടികട്ട്, ഡെലവെയർ, ഇലിനോയ്, മേരിലാൻഡ്, ന്യൂജഴ്‌സി, ന്യൂയോർക്ക്, റോയ് ഐലൻഡ്, വെർമോണ്ട് എന്നീ സംസ്ഥാനങ്ങളിൽ കമലയാണ് നേട്ടംകൊയ്തത്.

സ്വിംഗ് സ്റ്റേറ്റുകളിൽ ആറിലും ട്രംപാണ് മുന്നിൽ. സ്വിംഗ് സ്റ്റേറ്റുകളുടെ ഫലമാണ് പ്രസിഡന്റ് ആരെന്ന് തീരുമാനിക്കുക. തിരഞ്ഞെടുപ്പിൽ ആകെ 16 കോടി പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ട്രംപിനാണ് വിജയസാദ്ധ്യത കൂടുതൽ എന്നാണ് അഭിപ്രായ സർവേകളും പറഞ്ഞിരുന്നത്.