മൈ ഫ്രണ്ട്, ഇന്ത്യ - അമേരിക്ക ബന്ധം കൂടുതൽ ശക്തമാകട്ടെ; ട്രംപിനെ അഭിനന്ദിച്ച് നരേന്ദ്ര മോദി

Wednesday 06 November 2024 3:02 PM IST

ന്യൂഡൽഹി: അമേരിക്കൻ തിരഞ്ഞെടുപ്പിലെ ചരിത്ര വിജയത്തിന് പിന്നാലെ നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ - അമേരിക്ക ബന്ധം കൂടുതൽ ദൃഢമാകട്ടെയെന്നും തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് സഹകരണം പുതുക്കാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു.

സുഹൃത്തേ ചരിത്ര വിജയത്തിൽ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. ഇന്ത്യ -അമേരിക്ക ബന്ധം കൂടുതൽ ശക്തമാകട്ടെ. തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് സഹകരണം പുതുക്കാൻ ഞാൻ ആഗ്രഹിക്കുന്നു. നമ്മുടെ ജനങ്ങളുടെ ഉന്നമനത്തിനും ആഗോള സമാധാനം, സ്ഥിരത, സമൃദ്ധി എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനും ഒരുമിച്ച് പ്രവർത്തിക്കാം.'- എന്നാണ് മോദി എക്സിൽ കുറിച്ചത്. ട്രംപിനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു കുറിപ്പ്.

ഇന്നലെ ഇന്ത്യൻ സമയം വൈകിട്ട് 4.30ന് ആരംഭിച്ച പോളിംഗ് ഇന്ന് രാവിലെ 9.30ന് (അലാസ്‌കയിൽ 11.30 ) ആണ്‌ അവസാനിച്ചത്. കിഴക്കൻ സംസ്ഥാനങ്ങളിലെ ഫലമാണ് ആദ്യം എത്തിയത്. റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായ ട്രംപ് ഇതിനോടകം തന്നെ ജയിക്കാൻ വേണ്ട 270 ഇലക്ട്രൽ വോട്ടുകൾ മറികടന്നിട്ടുണ്ട്.

ഡെമോക്രാറ്റിക് സ്ഥാനാർത്ഥി കമലയുമായി ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു നടന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ട്രംപിന് വിജയ പ്രതീക്ഷയുണ്ടായിരുന്നെങ്കിലും ജോ ബൈഡനോട് പരാജയപ്പെട്ടു. ഇത്തവണ അധികാരത്തിലെത്തുന്നതോടെ 127 വർഷത്തിനുശേഷം, തുടർച്ചയായല്ലാതെ വീണ്ടും അമേരിക്കൻ പ്രസിഡന്റാകുന്ന വ്യക്തിയെന്ന വിശേഷം കൂടി ട്രംപിന് കിട്ടും.