ജോർജിയയും കരോലീനയും കൈപിടിയിലാക്കി ട്രംപ്, സ്വിംഗ് സ്റ്റേറ്റുകൾ ചുവപ്പിച്ച് റിപ്പബ്ലിക്കൻസിന്റെ തേരോട്ടം

Wednesday 06 November 2024 3:36 PM IST

വാഷിംഗ്ടൺ: അമേരിക്കൻ തിരഞ്ഞെടുപ്പിന്റെ ഇലക്ട്രൽ വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായ ഡൊണാൾഡ് ട്രംപാണ് കേവലഭൂരിപക്ഷം മറികടന്നിരിക്കുന്നത്. എന്നാലും വൈ​റ്റ് ഹൗസിലെ ഓവൽ ഓഫീസിലേക്ക് ട്രംപാണോ അതോ ഡെമോക്രാ​റ്റിക് സ്ഥാനാർത്ഥിയായ കമല ഹാരിസാണോ കടക്കുന്നതെന്ന് നിശ്ചയിക്കുന്നത് ഏഴ് ചാഞ്ചാട്ട സംസ്ഥാനങ്ങളാണെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തലുകൾ. വോട്ടെണ്ണൽ തുടങ്ങി ആറ് മണിക്കൂർ പിന്നിടുമ്പോൾ ട്രംപ് ജോർജിയ, നോർത്ത് കരോലീന എന്നീ സംസ്ഥാനങ്ങളിൽ വിജയം ഉറപ്പിച്ച് കഴിഞ്ഞു.

മ​റ്റ് അഞ്ച് ചാഞ്ചാട്ട സംസ്ഥാനങ്ങളായ പെൻസിൽവാനിയ, അരിസോൺ, മിഷിഗൺ, വിസ്‌കോൺസിൻ, നെവാഡ എന്നിവിടങ്ങളിലും റിപ്പബ്ലിക്കൻ പാർട്ടി ലീഡ് ചെയ്യുന്നുണ്ട്. എന്നാൽ വോട്ടെണ്ണൽ ആരംഭിച്ച ആദ്യമണിക്കൂറിൽ കമല ഹാരിസ് പെൻസിൽവാനിയയിലും മിഷിഗണിലും മികച്ച ലീഡുമായി മുന്നേറിയിരുന്നു. അധികം വൈകാതെ അവിടെയും ട്രംപ് മികച്ച ലീഡുമായി എത്തുകയായിരുന്നു.

ഈ ഏഴ് സംസ്ഥാനങ്ങളിൽ എ​റ്റവും കൂടുതൽ ഇലക്ട്രൽ കോളേജ് വോട്ടുകളുളള പെൻസിൽവാനിയയിൽ 94 ശതമാനവും എണ്ണിക്കഴിഞ്ഞു. ഇവിടെ കമല ഹാരിസനെക്കാൾ മൂന്ന് ശതമാനം കൂടുതൽ ലീഡുളളത് ട്രംപിനാണ്. അതുപോലെ ബാക്കിയുളള ചാഞ്ചാട്ട സംസ്ഥാനങ്ങളിലും അദ്ദേഹത്തിന്റെ ലീഡ് നില ഉയരുകയാണ്. ഇത്തവണ ഈ ഏഴ് സംസ്ഥാനങ്ങളിലും റിപ്പബ്ലിക്കൻ പാർട്ടി വിജയിക്കുകയാണെങ്കിൽ അത് ഭരണപക്ഷമായ ഡെമോക്രാ​റ്റിക് പാർട്ടിക് കടുത്ത ക്ഷീണമായിരിക്കും ഉണ്ടാക്കുക. കഴിഞ്ഞ തവണത്തെ തിരഞ്ഞെടുപ്പിൽ ആറ് സംസ്ഥാനങ്ങളിൽ വിജയം ഉറപ്പിച്ചാണ് ഡെമോക്രാറ്റിക് പാർട്ടി അധികാരത്തിലേറിയത്.

ഏഴ് ചാഞ്ചാട്ട സംസ്ഥാനങ്ങളെയും യുദ്ധഭൂമികളായ സംസ്ഥാനങ്ങളെന്നാണ് അറിയപ്പെടുന്നുണ്ട്. ഇവിടങ്ങളിലെ വിജയമാണ് അടുത്ത ഭരണം ആർക്കാണെന്ന് നിശ്ചയിക്കുന്നത്. ഇത്തവണ പെൻസിൽവാനിയയിൽ 19 ഇലക്ട്രൽ കോളേജ് വോട്ടുകളും മിഷിഗണിലും വിസ്‌കോൺസിനിലും പത്തും ജോർജിയയിൽ 16ഉം നോർത്ത് കരോലീനയിൽ 16ഉം നെവാഡയിൽ ആറും അരിസോണയിൽ 11 ഉം ഇലക്ട്രൽ കോളേജ് വോട്ടുകളാണ് ഉളളത്.