വസ്തു ബ്രോക്കറെന്ന വ്യാജേന പണം തട്ടുന്നയാൾ അറസ്റ്റിൽ
മൂവാറ്റുപുഴ: സ്ഥലം വിൽക്കാനുണ്ടെന്ന് മാദ്ധ്യമങ്ങളിൽ പരസ്യം നൽകുന്നവരുമായി സൗഹൃദം സ്ഥാപിച്ച് പണം തട്ടുന്നയാൾ പൊലീസിന്റെ പിടിയിലായി. കോട്ടയം വാഴൂർ ഇളക്കുന്നേൽ വാടകയ്ക്ക് താമസിക്കുന്ന, കാഞ്ഞിരപ്പള്ളി പട്ടിമറ്റം സ്വദേശി തട്ടാംപറമ്പിൽ വീട്ടിൽ മണി (68)യെയാണ് മൂവാറ്റുപുഴ ഇൻസ്പെക്ടർ ബേസിൽ തോമസിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
സ്ഥലം ബ്രോക്കർ എന്ന് പരിചയപ്പെടുത്തി വൻതുക വായ്പ നൽകാമെന്നും, കൊടുക്കുന്ന തുകയ്‌ക്ക് ഇരട്ടി തുക തിരികെ നൽകാമെന്നും മറ്റും വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തുന്ന സംഘത്തിന്റെ മുഖ്യആസൂത്രകനാണ് ഇയാൾ. ആലുവ സ്വദേശിയുടെ 15 ലക്ഷം നഷ്ടമായ കേസിലാണ് അറസ്റ്റ്.
ഒരു ഇടപാടിന് ഒരു സിം കാർഡ് ആണ് പ്രതി ഉപയോഗിക്കുന്നത്. അതിനു ശേഷം കാർഡ് മാറ്റും. കേരളം, തമിഴ്നാട്, കർണാടകം എന്നിവിടങ്ങളിൽ തട്ടിപ്പു നടത്തിയതായി പ്രതി സമ്മതിച്ചു. അഞ്ചു ലക്ഷത്തോളം രൂപയും നിരവധി മൊബൈൽ ഫോണുകളും ഇയാളുടെ താമസസ്ഥലത്ത് ഒളിപ്പിച്ചനിലയിൽ കണ്ടെടുത്തു.
കുറ്റകൃത്യത്തിനായി വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച കാർ ഉപയോഗിച്ചതായി അന്വേഷണത്തിൽ വ്യക്തമായി. കൂട്ടുപ്രതികളെക്കുറിച്ചും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. മൂവാറ്റുപുഴ ഡിവൈ.എസ്.പി പി.എം. ബൈജു, ഇൻസ്പെക്ടർ കെ.കെ. രാജേഷ്, പി.കെ. വിനാസ്, പി.സി. ജയകുമാർ, സീനിയർ സി.പി.ഒ ബിബിൻ മോഹൻ, രഞ്ജിത് രാജൻ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത് .