'ഷാഫി പറമ്പിലും ഞാനും ഷര്‍ട്ട് മാറിയിടാറുണ്ട്, ഹോട്ടലിന്റെ പിന്നിലൂടെ ഓടിരക്ഷപ്പെടുന്ന ദൃശ്യമുണ്ടെങ്കില്‍ പുറത്ത് വിടൂ'
പാലക്കാട്: ഹോട്ടലില്‍ റെയ്ഡ് നടക്കുമ്പോള്‍ പിന്‍വശത്തുകൂടി ഓടിരക്ഷപ്പെട്ടുവെന്ന ആരോപണത്തില്‍ പ്രതികരണവുമായി യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. ആരോപണം തെളിയിക്കാന്‍ വെല്ലുവിളിച്ച അദ്ദേഹം ദൃശ്യങ്ങള്‍ പുറത്ത് വന്നാല്‍ തിരഞ്ഞെടുപ്പ് പ്രചാരണം അവസാനിപ്പിക്കുമെന്നും വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കയ്യില്‍ നീല നിറത്തിലുള്ള പെട്ടിയുമായിട്ടാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ വാര്‍ത്താ സമ്മേളനത്തിന് എത്തിയത്.
പാലക്കാട് മണ്ഡലത്തില്‍ തനിക്കെതിരെ മത്സരിക്കുന്നത് കമ്മ്യൂണിസ്റ്റ് ജനതാ പാര്‍ട്ടിയാണെന്നും രാഹുല്‍ പരിഹസിച്ചു. സി കൃഷ്ണകുമാറിനെ വിജയിപ്പിക്കാനുള്ള പണിയാണ് സിപിഎം നടത്തുന്നത്. പാര്‍ട്ടി ചിഹ്നത്തെ പോലും ഡമ്മിയാക്കിയാണ് അവര്‍ മുന്നോട്ട് പോകുന്നത്. വാര്‍ത്താ സമ്മേളനത്തിന് കൊണ്ടുവന്ന നീല പെട്ടി പൊലീസ് ശാസ്ത്രീയ പരിശോധന നടത്തണമെന്നും പണം ഉണ്ടായിരുന്നുവെങ്കില്‍ അത് തെളിയിക്കണമെന്നും രാഹുല്‍ വെല്ലുവിളിച്ചു. കൈയില്‍ പണമില്ലാത്തവന്റെ കോണ്‍ഫിഡന്‍സിലാണ് താന്‍ സംസാരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'കൈയില്‍ പൈസ ഇല്ലാത്തത് കാരണം ഫ്‌ളക്‌സ് വയ്ക്കാന്‍ പോലും കഴിയുന്നില്ല, അപ്പോഴാണ് ഒരു പെട്ടി നിറയെ പണവുമായി ഇരിക്കുന്നുവെന്ന ആരോപണം ഉന്നയിക്കുന്നത്. പാലക്കാട് വന്നിറങ്ങിയപ്പോള്‍ മുതല്‍ വ്യക്തി അധിക്ഷേപം ഏറ്റുവാങ്ങുകയാണ്. ആദ്യം അവര്‍ എന്നെ ഒരു പെട്ടിപിടുത്തക്കാരനെന്ന് പറഞ്ഞു, ഇപ്പോള്‍ ട്രോളി പിടുത്തക്കാരന്‍ ആയി മാറി എന്ന പുരോഗമനം ഉണ്ടായിട്ടുണ്ട്'.- മാങ്കൂട്ടത്തില്‍ പറഞ്ഞു.
താനും ഷാഫി പറമ്പിലും അങ്ങോട്ടുമിങ്ങോട്ടും വസ്ത്രം മാറിയിടാറുണ്ടെന്നും തങ്ങളൊക്കെ അങ്ങനെയുള്ള ബന്ധമുണ്ടെന്നും രാഹുല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് നടക്കാനുള്ള തീയതി നീട്ടിയതിനാല്‍ പിടിച്ചുനില്‍ക്കാനാണ് എതിര്‍പാര്‍ട്ടിക്കാര്‍ ഇത്തരത്തിലുള്ള ആരോപണങ്ങള്‍ ഉന്നയിക്കുന്നത്.അവര്‍ക്കെല്ലാം പിടിച്ചുനില്‍ക്കണ്ടേ. അല്ലെങ്കില്‍പ്പിന്നെ കത്തുവിവാദം ഒന്നുകൂടിയെടുക്കണമെന്നും രാഹുല്‍ പരിഹസിച്ചു.