'മമ്മൂട്ടി'യുടെ പെരിയസാമി ഇനി ധനുഷിനൊപ്പം

Thursday 07 November 2024 6:00 AM IST

ശിവ കാർത്തികേയൻ , സായ് പല്ലവി എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന അമരൻ കേരളത്തിലും ചരിത്ര വിജയം നേടുമ്പോൾ സംവിധായകൻ രാജ് കുമാർ പെരിയസാമിയുടെ അടുത്ത ചിത്രത്തിൽ ധനുഷ് നായകൻ. ചിത്രത്തെക്കുറിച്ച് ഒൗദ്യോഗിക പ്രഖ്യാപനം വൈകാതെ ഉണ്ടാകും. എ.ആർ. മുരുഗദോസിന്റെ ശിഷ്യനായ രാജ് കുമാർ പെരിയസാമി ഗൗതം കാർത്തിക് നായകനായി 2017 ൽ റിലീസ് ചെയ്ത റങ്കൂൺ എന്ന ചിത്രത്തിലൂടെയാണ് സംവിധായകനാവുന്നത്. ഏഴുവർഷത്തിനുശേഷം സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമാണ് അമരൻ.

പട്ടാള പശ്ചാത്തലത്തിൽ ഒരുങ്ങിയ പ്രണയ കുടുംബ കാവ്യമായ അമരനിൽ ഇന്ദു റബേക്ക വർഗീസ് എന്ന മലയാളി കഥാപാത്രത്തെയാണ് സായ് പല്ലവി അവതരിപ്പിച്ചത്. "മമ്മൂട്ടി" എന്നാണ് ശിവകാർത്തികേയൻ അവതരിപ്പിക്കുന്ന മേജർ മുകുന്ദ് വരദരാജൻ ഇന്ദുവിനെ വിളിക്കുന്നത്.

ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവും മികച്ചുനിന്നു. മലയാളി താരങ്ങളായ ശ്യാമ പ്രസാദ്, ശ്യാംമോഹൻ, പോൾ ‌ടി. ബേബി, ജോൺ കൈപ്പള്ളിൽ എന്നിവരുടെ സാന്നിദ്ധ്യവും ശ്രദ്ധേയമായി.