ഭിന്നശേഷിക്കാരനെ പൊലീസ് മർദ്ദിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു
മാന്നാർ : ഭിന്നശേഷി സംഘടനയായ ഡി.എ.ഡബ്ല്യു.എഫ് ജില്ലാ സെക്രട്ടറിയും സി.പി.എം എണ്ണയ്ക്കാട് ലോക്കൽ കമ്മിറ്റി അംഗവുവായ ഉളുന്തി പൂങ്കോയിക്കൽ വീട്ടിൽ എസ്. ഹരികുമാറിനെ (56) പൊലീസ് മർദ്ദിച്ച സംഭവത്തിൽ പ്രതിഷേധിച്ച് ഡി.എ.ഡബ്ലിയു.എഫ് പൊലീസ് സ്റ്റേഷൻ മാർച്ച് നടത്തി. മാന്നാർ തൃക്കുരട്ടി ജംഗ്ഷനിൽ നിന്ന് ആരംഭിച്ച പ്രതിഷേധ മാർച്ച് പൊലീസ് സ്റ്റേഷൻ റോഡിലേക്ക് പ്രവേശിച്ചപ്പോൾ ചെങ്ങന്നൂർ ഡിവൈ.എസ്.പി യുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തടഞ്ഞു. തുടർന്ന് സംഘടനാ സംസ്ഥാന ജോ.സെക്രട്ടറി ആര്യ ബൈജുവിന്റെ അദ്ധ്യക്ഷതയിൽ കൂടിയ പ്രതിഷേധയോഗം സംസ്ഥാന ജനറൽ സെക്രട്ടറി ഗിരീഷ് കീർത്തി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഹരിപ്പാട് രാധാകൃഷ്ണൻ സ്വാഗതം പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് കെ.കെ.സുരേഷ്, സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.ജയ ഡാലി, സംസ്ഥാന ജോ.സെക്രട്ടറി അജി അമ്പാടി, ജില്ലാ ട്രഷറർ ഉദയൻ എന്നിവർ സംസാരിച്ചു. തുടർന്ന് ചെങ്ങന്നൂർ ഡിവൈ.എസ്.പി എം.കെ.ബിനുകുമാർ സംഘടനാ നേതാക്കളുമായി നടത്തിയ ചർച്ചയിൽ ഒരാഴ്ചയ്ക്കുള്ളിൽ നടപടിയെടുക്കുമെന്ന ഉറപ്പിന്മേൽ സമരം അവസാനിപ്പിച്ചു. ഒരാഴ്ചയ്ക്കുള്ളിൽ നടപടി ഉണ്ടാകാതിരുന്നാൽ വീണ്ടും സമരപരിപാടികളുമായി മുൻപോട്ട് പോകുമെന്ന് നേതാക്കൾ അറിയിച്ചു. ഹരികുമാറിനെ മർദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ഡി.എ.ഡബ്ല്യു.എഫ് മുഖ്യമന്ത്രിക്ക് പരാതി നൽകിയതായും നേതാക്കൾ അറിയിച്ചു.