കാശ്മീർ: ആഗോള പിന്തുണ നേടുക എളുപ്പമല്ലെന്ന് പാക് വിദേശകാര്യമന്ത്രി

Tuesday 13 August 2019 10:33 PM IST

ഇസ്ളാമാബാദ്: ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ വിഷയത്തിൽ യു.എൻ രക്ഷാസമിതി അംഗങ്ങളുടെയും ഇസ്ളാമിക രാജ്യങ്ങളുടെയും പിന്തുണ നേടുക എളുപ്പമല്ലെന്നും ജനങ്ങൾ മൂഢസ്വർഗത്തിൽ ജീവിക്കരുതെന്നും പാക് വിദേശകാര്യമന്ത്രി ഷാ മുഹമ്മദ് ഖുറേഷി.

കഴിഞ്ഞ ആറിന് വിഷയം ഉന്നയിച്ച് പാകിസ്ഥാൻ നൽകിയ കത്ത് യു.എൻ രക്ഷാസമിതി പരിഗണിച്ചിരുന്നില്ല.

''രക്ഷാസമിതി അംഗങ്ങൾ പൂക്കളുമായല്ല നിൽക്കുന്നത്. അവിടെ ആരും നമ്മെ കാത്തിരിക്കുന്നില്ല. എപ്പോൾ വേണമെങ്കിലും അവർ തടസമുന്നയിക്കാം. ഇക്കാര്യം അറിഞ്ഞിരിക്കണം. അതുകൊണ്ട് അവർ സഹായിക്കുമെന്നുള്ള വിഡ്ഢികളുടെ സ്വർഗത്തിൽ കഴിയേണ്ടതില്ല''-

പാക് അധീന കാശ്മീരിലെ മുസാഫറാബാദിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ഖുറേഷി പറഞ്ഞു.

'ഇന്ത്യ എന്നത് നൂറുകോടിയോളം ജനങ്ങൾ വരുന്ന വലിയൊരു കമ്പോളമാണ്. നിരവധി രാജ്യങ്ങൾ ഇന്ത്യയിൽ നിക്ഷേപം നടത്തിയിട്ടുണ്ട്. മുസ്ലിം രാജ്യങ്ങളുടെ കൂട്ടായ്മയിലും ഇക്കാര്യം ഉന്നയിച്ചു. എന്നാൽ അവർക്കും ഇന്ത്യയിൽ നിരവധി നിക്ഷേപങ്ങളുണ്ട്. അവർക്കെല്ലാം ഇന്ത്യയിൽ അവരുടേതായ താത്പര്യങ്ങളുണ്ട്.' അദ്ദേഹം പറഞ്ഞു.

അമേരിക്ക, റഷ്യ, ഫ്രാൻസ്, യു.കെ, ചൈന എന്നീ രാജ്യങ്ങളാണ് രക്ഷാസമിതി സ്ഥിരാംഗങ്ങൾ. ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി പിൻവലിച്ച ഇന്ത്യയുടെ നടപടിയെ പരസ്യമായി പിന്തുണച്ച ആദ്യ രക്ഷാസമിതി സ്ഥിരാംഗം റഷ്യയാണ്. ഇത് ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നാണ് റഷ്യയുടെ നിലപാട്.

അമേരിക്കയും ന്യൂട്രൽ സ്റ്റാൻഡാണ് സ്വീകരിച്ചത്. മറ്റ് രാജ്യങ്ങൾ ഇക്കാര്യത്തിൽ അധികം പ്രതികരിക്കാൻ തയ്യാറായിട്ടില്ല.

മാത്രമല്ല ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒ.ഐ.സിയിലെ അംഗങ്ങളായ യു.എ.ഇ, മാലദ്വീപ് എന്നീ രാജ്യങ്ങളും ഇന്ത്യയുടെ നീക്കത്തിന് പിന്തുണ നൽകിയിരുന്നു.

സർക്കാരിനൊപ്പം നിൽക്കണം

കാശ്മീർ വിഷയത്തിൽ സർക്കാരിനൊപ്പം നിൽക്കണമെന്ന് പ്രതിപക്ഷപാർട്ടികളോട് പാകിസ്ഥാൻ വിദേശകാര്യമന്ത്രി ആവശ്യപ്പെട്ടു.

'നമുക്ക് നമ്മുടേതായ അഭിപ്രായവ്യത്യാസങ്ങളുണ്ടാകാം. എന്നാൽ കാശ്മീർ വിഷയത്തിൽ അതുണ്ടാവരുത്. എന്തെങ്കിലും തരത്തിലുള്ള ഭിന്നതകളുണ്ടായാൽ സംയുക്തപ്രമേയം പാസാക്കാനാവില്ല. കാശ്മീർ ജനതയെ പിന്തുണച്ച് പാകിസ്ഥാനെന്ന രാജ്യത്തിന്റെയും രാഷ്ട്രീയ നേതൃത്വത്തിന്റെയും ഒന്നിച്ചുള്ള ശബ്ദം ആഗസ്റ്റ് 14ന് ഉയർന്നുകേൾക്കും'- ഖുറേഷി പറഞ്ഞു. പാകിസ്ഥാന്റെ സ്വാതന്ത്ര്യദിനമായി ആചരിക്കുന്ന ആഗസ്റ്റ് 14 കാശ്മീരിനോടുള്ള ഐക്യദാർഢ്യദിനമായി ആചരിക്കുമെന്ന് നേരത്തേ പാക് സർക്കാർ അറിയിച്ചിരുന്നു.