അപകീർത്തി പരാമർശം: നടി കസ്തൂരിക്കെതിരെ കേസ്

Thursday 07 November 2024 1:15 AM IST

ചെന്നൈ: തമിഴ്നാട്ടിൽ താമസിക്കുന്ന തെലുങ്കർക്കെതിരെ നടത്തിയ അപകീർത്തി പരാമർശത്തിൽ നടി കസ്തൂരിക്കെതിരെ കേസ്. അഖിലേന്ത്യാ തെലുങ്ക് സമ്മേളനം എന്ന സംഘടന നൽകിയ പരാതിയിൽ ഗ്രേറ്റ‌ർ ചെന്നൈ പൊലീസാണ് കേസെടുത്തത്.

ജാതിയുടെയും മതത്തിന്റെയും പേരിൽ കലാപമുണ്ടാക്കാൻ ശ്രമം നടത്തിയത് അടക്കമുള്ള കുറ്റങ്ങൾ ചുമത്തി. കഴിഞ്ഞ ദിവസം ചെന്നൈ എഗ്മൂറിൽ ഹിന്ദു മക്കൾ കക്ഷി നടത്തിയ പ്രകടനത്തിലായിരുന്നു വിവാദ പരാമർശം.

300 വർഷം മുൻപ് തമിഴ് രാജാക്കന്മാരുടെ അന്തപ്പുരങ്ങളിൽ പരിചാരകരായി വന്ന തെലുങ്കർ, തങ്ങളാണ് തമിഴരെന്ന് അവകാശപ്പെടുന്നു എന്നായിരുന്നു പരാമർശം. തുടർന്ന് ആന്ധ്രയിലും തെലങ്കാനയിലും ഉൾപ്പെടെ പ്രതിഷേധം ഉയർന്നു. അതിനിടെ തന്റെ പരാമർശം വളച്ചൊടിക്കുകയാണെന്ന് ആരോപിച്ച് കസ്തൂരി രംഗത്തെത്തി. ചിലരെ മാത്രമാണ് ഉദ്ദേശിച്ചതെന്നും എന്റെ തെലുങ്ക് കുടുംബത്തെ വേദനിപ്പിക്കുകയായിരുന്നില്ല ലക്ഷ്യമെന്നും അവർ വ്യക്തമാക്കി.

പരാമർശം വേദനിപ്പിച്ചെങ്കിൽ മാപ്പപേക്ഷിക്കുന്നതായി സമൂഹമാദ്ധ്യമത്തിൽ കുറിക്കുകയും ചെയ്തു. മലയാള സിനിമകളിലും ശ്രദ്ധേയ വേഷങ്ങൾ ചെയ്തിട്ടുള്ള കസ്തൂരി ബി.ജെ.പി അനുഭാവിയും ഡി.എം.കെയുടെ കടുത്ത വിമ‌ർശകയുമാണ്.