പി.എം വിദ്യാലക്ഷ്‌മി വിദ്യാഭ്യാസ ധനസഹായ പദ്ധതിക്ക് അംഗീകാരം

Thursday 07 November 2024 1:18 AM IST

ന്യൂഡൽഹി: ഈടും ജാമ്യവുമില്ലാതെ നിർദ്ധന വിദ്യാർത്ഥികൾക്ക് സൗജന്യ ഉന്നതവിദ്യാഭ്യാസ വായ്‌പയൊരുക്കുന്ന പി.എം-വിദ്യാലക്ഷ്മി പദ്ധതിക്ക് കേന്ദ്രമന്ത്രിസഭാംഗീകാരം. 860 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനം നേടുന്ന അ‍ർഹരായ 22 ലക്ഷത്തിലധികം വിദ്യാർത്ഥികൾക്ക് ഇത് സഹായകമാകും.

ബാങ്കുകൾക്ക് പിന്തുണയായി, 7.5 ലക്ഷം രൂപവരെയുള്ള വായ്‌പയ്‌ക്ക് കേന്ദ്ര സർക്കാർ 75% ഈട് നൽകും. സർക്കാർ സ്കോളർഷിപ്പ് അടക്കം ആനുകൂല്യങ്ങൾക്ക് അർഹതയില്ലാത്ത 8 ലക്ഷം രൂപ വരെ വാർഷിക കുടുംബ വരുമാനമുള്ള വിദ്യാർത്ഥികൾക്ക്, 3% പലിശ ഇളവോടെ 10 ലക്ഷം രൂപ വരെയുള്ള വായ്‌പ ലഭിക്കും. പ്രതിവർഷം ഒരു ലക്ഷം വിദ്യാർത്ഥികൾക്ക് പലിശ ഇളവ് നൽകും. 4.5 ലക്ഷം രൂപ വരെ വാർഷിക കുടുംബ വരുമാനമുള്ള വിദ്യാർത്ഥികൾക്ക് മുഴുവൻ പലിശ ഇളവ്.

ഗുണനിലവാരമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിൽ (ക്യു.എച്ച്.ഇ.ഐ) പ്രവേശനം നേടുന്ന വിദ്യാർത്ഥിക്ക് പദ്ധതി വഴി മുഴുവൻ ട്യൂഷൻ ഫീസും മറ്റ് ചെലവുകളും വഹിക്കുന്നതിന് ബാങ്കുകളിൽനിന്നും ഈടുരഹിത-ജാമ്യരഹിത വായ്പ.

സർക്കാർ സ്ഥാപനങ്ങളിൽ സാങ്കേതിക/പ്രൊഫഷണൽ കോഴ്സുകൾ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് മുൻഗണന

പദ്ധതിക്കായി 2024-25 മുതൽ 2030-31 വരെ 3600 കോടി രൂപ വകയിരുത്തി.

അപേക്ഷ ഡിജിറ്റൽ പ്രക്രിയയിലൂടെ.

ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിൽ പിഎം-വിദ്യാലക്ഷ്മി ഏകീകൃത പോർട്ടൽ.

വായ്‌പയ്‌ക്കും പലിശ ഇളവിനും ലളിതമായ അപേക്ഷ.