ആറംഗ സംഘം അദ്ധ്യാപകനെ വളഞ്ഞിട്ട് ആക്രമിച്ചു, വാരിയെല്ലുകൾക്കും കണ്ണിനും ഗുരുതര പരിക്ക്
Thursday 07 November 2024 7:05 AM IST
കോഴിക്കോട്: അദ്ധ്യാപകനെ ആറംഗ സംഘം ക്രൂരമായി മർദ്ദിച്ചു. വടകര പുതിയ സ്റ്റാന്റിലെ ഓക്സ്‌ഫോഡ് കോളജ് ഓഫ് ഇംഗ്ലീഷ് സ്ഥാപന ഉടമയും അദ്ധ്യാപകനുമായ കുനിങ്ങാട് മുതുവടത്തൂർ സ്വദേശി ദാവൂദ് പി മുഹമ്മദാണ് ആക്രമണത്തിനിരയായത്. കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം.
പ്രതികൾ ദാവൂദിനെ സ്ഥാപനത്തിൽ കയറി വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. വാരിയെല്ലുകൾക്കും കണ്ണിനും ഗുരുതരമായി പരിക്കേറ്റ അദ്ധ്യാപകനെ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമികളിൽ ഒരാൾ ദാവൂദിന്റെ വിദ്യാർത്ഥികളിലൊരാളാണെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. വടകര പൊലീസ് സ്ഥലത്തെത്തിയാണ് ദാവൂദിനെ ആശുപത്രിയിലേക്ക് മാറ്റിയത്. എന്തിന്റെ പേരിലാണ് ആക്രമണമെന്ന കാര്യത്തിൽ ഇതുവരെ വ്യക്തതയില്ല. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.