ഫൈറ്റ്, ഫൈറ്റ് !
ചെവിയിലും വലതു കവിളിലും ചോരയുമായി വലതുമുഷ്ടി ഉയർത്തി അഭിവാദ്യം ചെയ്യുന്ന ട്രംപിന്റെ ചിത്രം.....''ഇങ്ങനെയൊരു പോരാളിയെയാണ് അമേരിക്കയ്‌ക്ക് ആവശ്യം'' എന്ന അടിക്കുറിപ്പോടെ പുത്രൻ എറിക് ട്രംപ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്‌ത ചിത്രം ട്രംപിന്റെ വൈറ്റ് ഹൗസ് പോരാട്ടത്തിന് പുത്തൽ കരുത്താണേകിയത്. വധശ്രമത്തെ അതിജീവിച്ച് മുഷ്ടിചുരുട്ടി 'ഫൈറ്റ് ഫൈറ്റ് " എന്ന് ട്രംപ് ഉറക്കെ പറഞ്ഞത് അമേരിക്കൻ ജനത ഏറ്റുപിടിച്ചതിന്റെ തെളിവാണ് തിരഞ്ഞെടുപ്പ് ഫലങ്ങളിൽ പ്രകടമായത്.
ജൂലായ് 13നാണ് പെൻസിൽവേനിയയിലെ ബട്ലറിൽ തിരഞ്ഞെടുപ്പ് യോഗത്തിനിടെ ട്രംപ് ആക്രമിക്കപ്പെട്ടത്. വധശ്രമത്തിൽ നിന്ന് തലനാരിഴയ്ക്കാണ് ട്രംപ് രക്ഷപ്പെട്ടത്. ട്രംപിന്റെ വലതു ചെവിയിലാണ് വെടിയേറ്റത്. അല്പം മാറിയിരുന്നെങ്കിൽ തലച്ചോർ തുളയ്ക്കുമായിരുന്നു. 1981ൽ പ്രസിഡന്റ് റൊണാൾഡ് റീഗന് നേരെ നടന്ന വധശ്രമത്തിനു ശേഷം യു.എസിൽ ഇത്തരം സംഭവം ആദ്യമായിരുന്നു. ഏതായാലും ഈ സംഭവത്തിന് പിന്നാലെ ചാഞ്ചാട്ട സംസ്ഥാനമായ പെൻസിൽവേനിയ ട്രംപ് തൂത്തുവാരി. ഓടിനടന്ന് പ്രചാരണം നടത്തിയിട്ടും 2020ൽ ബൈഡനെ പിന്തുണച്ച പെൻസിൽവേനിയയെ ഒപ്പം നിറുത്താൻ കമലയ്ക്ക് കഴിഞ്ഞില്ല.