'പ്രതിഭാഗത്തിനൊപ്പം ചേര്‍ന്ന് കേസ് അട്ടിമറിച്ചു', അഭിഭാഷകനെ കൊന്ന് കത്തിച്ചു

Thursday 07 November 2024 7:17 PM IST

നാഗര്‍കോവില്‍: കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് അഭിഭാഷകനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിച്ചു. തമിഴ്‌നാട് തക്കല കുമാരപുരം സ്വദേശി അഡ്വക്കേറ്റ് ക്രിസ്റ്റഫര്‍ സോഫി (50)യാണ് കൊല്ലപ്പെട്ടത്. ഭീമനഗരി സത്യാന്‍കുളക്കരയില്‍ നിന്നാണ് ഇയാളുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. തിരിച്ചറിയാന്‍ കഴിയാത്ത രീതിയിലാണ് വ്യാഴാഴ്ച രാവിലെ ഇയാളുടെ മൃതദേഹം നാട്ടുകാര്‍ കണ്ടത്. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

ആരുവാമൊഴി ഇന്‍സ്‌പെക്ടര്‍ അന്‍പ് പ്രകാശും സംഘവും സ്ഥലത്തെത്തി സി.സി.ടി.വി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ തിരുപ്പതിസാരം സ്വദേശി ഇശക്കി മുത്തു (40) അഭിഭാഷകനെ ബൈക്കില്‍ കൊണ്ടുപോകുന്ന ദൃശ്യം ലഭിച്ചു. തുടര്‍ന്ന് ഇയാളെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് കേസിന്റെ ചുരുളഴിഞ്ഞത്. മുത്തുവിന്റെ ഒരു വസ്തുതര്‍ക്ക കേസ് വാദിച്ചിരുന്നത് കൊല്ലപ്പെട്ട അഭിഭാഷകനായിരുന്നുവെന്ന് പ്രതി പൊലീസിനോട് പറഞ്ഞു.

കേസിന്റെ ആവശ്യത്തിനായി അഭിഭാഷകന്‍ ചോദിച്ചപ്പോള്‍ വസ്തുവിന്റെ വിശദാംശങ്ങളടങ്ങിയ രേഖകള്‍ കൈമാറിയിരുന്നു. അഭിഭാഷകന്‍ പ്രതിഭാഗത്തിന് ഒപ്പം ചേര്‍ന്ന് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് മനസ്സിലായപ്പോള്‍ പ്രമാണം ഉള്‍പ്പെടെയുള്ള രേഖകള്‍ തിരികെ ചോദിച്ചുവെന്നും എന്നാല്‍ നല്‍കാന്‍ തയ്യാറായിരുന്നില്ലെന്നും മുത്തു പൊലീസിന് മൊഴി നല്‍കി. ഇതോടെയാണ് കൊലപ്പെടുത്താന്‍ തീരുമാനിച്ചത്.

ഇതിനിടയില്‍ വാഴക്കന്ന് ചോദിച്ച് അഭിഭാഷകന്‍ ഇശക്കി മുത്തുവിനെ സമീപിച്ചു. വാഴക്കന്ന് നല്‍കാമെന്ന് പറഞ്ഞ് ബൈക്കില്‍ കൂട്ടിക്കൊണ്ട് പോയി ഭീമനഗരിയിലെ കുളക്കരയില്‍ എത്തിയപ്പോള്‍ വെട്ടിക്കൊലപ്പെടുത്തുകയും ശേഷം വണ്ടിയിലെ പെട്രോള്‍ ഉപയോഗിച്ച് മൃതദേഹം അഗ്‌നിക്കിരയാക്കുകയും ചെയ്തായി ഇശക്കിമുത്തു പൊലീസിനോട് സമ്മതിച്ചു.