സിനിമാ അഭിനയത്തിന് നിയന്ത്രണം, സുരേഷ് ഗോപിക്ക് കൂടുതൽ ഉത്തരവാദിത്വം നൽകി കേന്ദ്രസർക്കാർ, ആഴ്ചയിൽ മൂന്ന് ദിവസം ഡൽഹിയിൽ ഉണ്ടാകണം
ന്യൂഡൽഹി: കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ സിനിമാ അഭിനയത്തിന് നിയന്ത്രണം വച്ച കേന്ദ്രസർക്കാർ, കൂടുതൽ ഉത്തരവാദിത്വം നൽകി. ആഴ്ചയിൽ മൂന്ന് ദിവസം ഡൽഹിയിൽ തന്നെയുണ്ടാകണം. നവംബർ 25 മുതൽ ഡിസംബർ 20 വരെ നിശ്ചയിച്ചിരിക്കുന്ന പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ ആഴ്ചയിൽ നാല് ദിവസം റോസ്റ്റർ ചുമതല വഹിക്കണം. മറുപടി പറയേണ്ട കേന്ദ്രമന്ത്രി സഭയിൽ ഇല്ലെങ്കിൽ റോസ്റ്റർ ചുമതലയുള്ള മന്ത്രിയാണ് മറുപടി നൽകേണ്ടത്. ഇറ്റലിയിലെ ഫ്ലോറൻസിൽ ഈമാസം 13 മുതൽ 15 വരെ നടക്കുന്ന ജി 7 ടൂറിസം മന്ത്രിമാരുടെ സമ്മേളനത്തിൽ സുരേഷ്ഗോപി ഇന്ത്യൻ സംഘത്തെ നയിക്കും. കേരളത്തിലെ വഖഫ് വിഷയങ്ങളിൽ സജീവമാകാനും നിർദ്ദേശിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സുരേഷ് ഗോപി കൂടിക്കാഴ്ച നടത്തി. ഇതിനു ശേഷമാണ് ചുമതലകൾ നൽകിയത്. സിനിമ വർഷത്തിൽ ഒന്ന് മതിയെന്ന നിലപാട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് സുരേഷ്ഗോപിയെ അറിയിച്ചത്. 22 സിനിമകളിൽ അഭിനയിക്കാൻ സുരേഷ്ഗോപി ഏറ്റിട്ടുണ്ട്. ഒറ്റക്കൊമ്പന്റെ ചിത്രീകരണം പൂർത്തിയാക്കേണ്ടതുണ്ട്.