കുറച്ച് ദിവസമായി അവൾ ജയിലിൽ കിടക്കുകയാണ്, ജാമ്യം ലഭിച്ചതിൽ സന്തോഷം; പി.കെ ശ്രീമതി
കണ്ണൂർ: നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ ഒന്നാം പ്രതി പി.പി ദിവ്യയ്‌ക്ക് ജാമ്യം അനുവദിച്ചത് വളരെ സന്തോഷകരമായ കാര്യമാണെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി.കെ ശ്രീമതി. ഇത്തവണ ജാമ്യം കിട്ടുമെന്ന് തന്നെയാണ് പ്രതീക്ഷിച്ചതെന്നും ശ്രീമതി പ്രതികരിച്ചു.
കഴിഞ്ഞ കുറച്ചുദിവസമായി അവൾ ജയിലിൽ കിടക്കുകയാണ്. എന്തുതന്നെയായാലും മനപൂർവമല്ലാത്ത നിർഭാഗ്യകരമായ സംഭവം എന്നേ അതിനെ പറയാനുള്ളൂ. ദിവ്യയുടെ ഭാഗത്ത് നിന്ന് മനപൂർവം ഉണ്ടായ സംഭവമല്ല. ഉണ്ടായ പാകപ്പിഴകളെ സംബന്ധിച്ച് പാർട്ടി പരിശോധിച്ചു. കഴിഞ്ഞ കുറച്ചു ദിവസമായി ജയിലിൽ കിടക്കുന്ന ദിവ്യയ്‌ക്ക് ഇപ്പോഴെങ്കിലും ജാമ്യം കിട്ടിയില്ലെങ്കിൽ വലിയ വിഷമം ഉണ്ടായേനെ. ഏതൊരാളേയും എന്നപോലെ ദിവ്യക്കും നീതി നിഷേധിക്കപ്പെടാൻ പാടില്ല. എന്നെ സംബന്ധിച്ചും പാർട്ടിയെ സംബന്ധിച്ചും ദിവ്യയ്‌ക്ക് ജാമ്യം ലഭിച്ചത് ഏറെ സന്തോഷകരമാണെന്ന് പി.കെ ശ്രീമതി പറഞ്ഞു.
റേപ്പ് പോലുള്ള ഏതുഭീകരമായ കുറ്റത്തിനും കോടതി ജാമ്യം അനുവദിക്കുന്നുണ്ടെന്ന കാര്യം നമ്മൾ മറക്കാൻ പാടില്ല. മനപൂർവമല്ലാത്ത ഒരു തെറ്റാണിത്. ചെയ്യണമെന്ന് വിചാരിച്ച് ചെയ‌്തതല്ല. നവീൻ ബാബുവിന്റെ ആത്മഹത്യ ഏറ്റവും നിർഭാഗ്യകരമായ സംഭവമാണെന്നും ശ്രീമതി പ്രതികരിച്ചു.
ഒറ്റവാക്കിലായിരുന്നു തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി പറഞ്ഞത്. ജാമ്യം കിട്ടിയതോടെ പതിനൊന്ന് ദിവസമായി ജയിലില്‍ കഴിയുന്ന ദിവ്യക്ക് ഇന്ന് തന്നെ പുറത്തിറങ്ങാനാകും. അഞ്ചാം തീയതി വിശദമായ വാദം കേട്ട കോടതി ഇന്നത്തേക്ക് വിധി പറയാന്‍ മാറ്റിവെയ്ക്കുകയായിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ അതേ ജഡ്ജി തന്നെയാണ് ജാമ്യാപേക്ഷയിലും വിധി പറഞ്ഞത്.