മുഖ്യമന്ത്രിയ്ക്ക് വച്ച സമോസ സുരക്ഷാ ഉദ്യോഗസ്ഥർക്ക് വിളമ്പി, സിഐഡി അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ

Friday 08 November 2024 12:31 PM IST

ഷിംല: ഔദ്യോഗിക പരിപാടിയ്‌ക്ക് എത്തിയ മുഖ്യമന്ത്രിയ്‌ക്ക് നൽകേണ്ടിയിരുന്ന സമോസയും കേക്കും അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് വിളമ്പിയതിൽ സിഐഡി അന്വേഷണം. ഹിമാചൽ പ്രദേശിലാണ് സംഭവം. ഒക്‌ടോബർ 21നായിരുന്നു അന്വേഷണം പ്രഖ്യാപിക്കാനിടയായ സംഭവമുണ്ടായത്. മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖു സിഐഡി ആസ്ഥാനത്ത് ഒരു പൊതുപരിപാടിയിൽ പങ്കെടുക്കാൻ എത്തി. അദ്ദേഹത്തിന്റെ സന്ദർശനവുമായി ബന്ധപ്പെട്ട് വിളമ്പാൻ സമോസയും കേക്കും ഓർഡർ ചെയ്‌തു.

എന്നാൽ സമോസ വിതരണം ചെയ്യാതെ അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥർക്കാണ് നൽകിയത്. ഇത് പ്രത്യേക സർക്കാർ വിരുദ്ധ അജണ്ടയുടെ ഭാഗമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സിഐ‌ഡി അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്ന് പെട്ടി സമോസയാണ് മുഖ്യമന്ത്രിക്കെന്ന പേരിൽ സ്ഥലത്തെത്തിച്ചത്. സംഭവം അന്വേഷിച്ച ഡെപ്യൂട്ടി എസ്‌പി നൽകിയ വിവരം ഇങ്ങനെ. ഒരു ഐജി റാങ്കിലെ ഉദ്യോഗസ്ഥനാണ് മുഖ്യമന്ത്രിക്ക് സമോസ ഓർഡർ ചെയ്യാൻ ആവശ്യപ്പെട്ടത്. ഒരു സബ് ഇൻസ്‌പെക്‌ടറോടാണ് ഐജി ഇക്കാര്യം ആവശ്യപ്പെട്ടത്. എസ്‌ഐ ഇത് എഎസ്‌ഐയോടും എഎസ്‌ഐ ഇത് ഹെഡ് കോൺസ്‌റ്റബിളിനോടും പറഞ്ഞു.

സമോസ ബോക്‌സ് എത്തിയതും എഎസ്‌ഐയും കോൺസ്റ്റബിളും വിവരം ടൂറിസം വകുപ്പിനെ അറിയിച്ചു. എന്നാൽ ഇത് മുഖ്യമന്ത്രിയുടെ ആഹാര മെനുവിലില്ല എന്ന മറുപടിയാണ് അവിടെ നിന്നും ലഭിച്ചത്. തുടർന്ന് സമോസ ഒരു വനിതാ എസ്‌ഐയെ ഈ ഉദ്യോഗസ്ഥർ ഏൽപ്പിച്ചു. അവർ മറ്റ് സ്റ്റാഫ് അംഗങ്ങൾക്കുള്ള മെക്കാനിക്കൽ ട്രാൻസ്‌പോർട്ട് വിഭാഗത്തിന് സമോസ പെട്ടികൾ കൈമാറി. മുഖ്യമന്ത്രിയ്‌ക്ക് വേണ്ടിയുള്ളതാണ് സമോസ എന്ന് ഒരു എസ്‌ഐയ്‌ക്ക് മാത്രമേ അറിയുമായിരുന്നുള്ളൂ. ഈ ആശയവിനിമയത്തിലെ പ്രശ്‌നമാണ് അന്വേഷണത്തിന് ഇടയാക്കിയത്.

അതേസമയം സംഭവത്തിൽ പരിഹാസവുമായി പ്രതിപക്ഷമായ ബിജെപി രംഗത്തെത്തിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ വികസനം കോൺഗ്രസ് സർക്കാരിന്റെ ലക്ഷ്യമല്ലെന്നും മുഖ്യമന്ത്രിയുടെ സമോസയാണ് പ്രധാന കാര്യമെന്നുമാണ് ബിജെപി നേതാക്കൾ പ്രതികരിച്ചത്.