'താജ് ഹോട്ടൽ കത്തിയപ്പോൾ ആദ്യം പരിഗണിച്ചത് ജീവനക്കാരെ; രത്തൻ ടാറ്റയോട് രാജ്യം മുഴുവൻ കടപ്പെട്ടിരിക്കുന്നു'

Friday 08 November 2024 1:03 PM IST

വ്യാവസായിക ഇന്ത്യയെ കെട്ടിപ്പടുത്ത രത്തന്‍ ടാറ്റയെന്ന ദീര്‍ഘവീക്ഷണമുള്ള മനുഷ്യന്‍ 86-ാം വയസില്‍ വിടപറഞ്ഞത് ഭാരത ശില്പികളുടെ മുൻനിരയില്‍ സ്വന്തം പേരുകൂടി എഴുതിച്ചേര്‍ത്തതിന് ശേഷമാണ്. ഇന്ത്യയിലെയും ലോകത്തെയും ഇതര വ്യാവസായ സ്ഥാപനങ്ങളില്‍ നിന്നും വ്യവസായികളില്‍ നിന്നും ടാറ്റ ഗ്രൂപ്പും രത്തന്‍ ടാറ്റയും വ്യത്യസ്തമാകുന്നത് മനുഷ്യജീവിതത്തിന്റെ അന്തസ്, കോര്‍പ്പറേറ്റ് ഉത്തരവാദിത്വം, സഹാനുഭൂതി എന്നീ ഗുണങ്ങള്‍ സൂക്ഷിക്കുന്നതിനാലാണ്. ഉപ്പുതൊട്ട് വിമാനനിര്‍മ്മാണം വരെ പടര്‍ന്നുകിടക്കുന്ന വ്യാവസായ സാമ്രാജ്യം ടാറ്റയ്ക്ക് സ്വന്തമാണെങ്കിലും സാമൂഹിക പ്രതിബദ്ധതയില്‍ നിന്ന് കമ്പനിയും അതിന്റെ സാരഥികളും വ്യതിചലിച്ചിട്ടില്ലെന്നത് മാതൃകാപരമാണ്.


ടാറ്റ ഗ്രൂപ്പിന്റെ ചെയര്‍മാനായി 21 വര്‍ഷം സേവനമനുഷ്ഠിച്ച രത്തന്‍ ടാറ്റ ഇന്ന് കാണുന്ന ആഗോള കമ്പനിയായി ടാറ്റ ഗ്രൂപ്പിനെ പടുത്തുയര്‍ത്തുന്നതില്‍ വലിയ പങ്കാണ് വഹിച്ചിട്ടുള്ളത്. രത്തന്‍ ടാറ്റ കമ്പനിയുടെ സാരഥ്യം ഏറ്റെടുത്തതിനുശേഷം 21 വര്‍ഷം പിന്നിടുമ്പോള്‍ ടാറ്റ ഗ്രൂപ്പിന്റെ വരുമാനം 40 ഇരട്ടിവരെയും ലാഭം 50 ഇരട്ടിവരെയും ഉയര്‍ന്നു. എന്തുകൊണ്ട് ടാറ്റാ കമ്പനിയും അതിന്റെ നേതൃത്വവും ഇന്ത്യാക്കാര്‍ക്ക് പ്രിയങ്കരമാവുന്നു എന്നു ചോദിച്ചാല്‍ കമ്പനിയുടെ മാനുഷികനിലപാടുകളും മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്ന സംസ്‌കാരവും നിലനിർത്തുന്നതുകൊണ്ടാണ്.


ലോകത്തെ ഒരു കോര്‍പ്പറേറ്റ് ഗ്രൂപ്പും ടാറ്റയോളം സാമൂഹിക പ്രതിബദ്ധത വച്ചു പുലര്‍ത്തുന്നില്ല. 1991ല്‍ ജെ.ആര്‍.ഡി. ടാറ്റയില്‍ നിന്ന് ടാറ്റ ഗ്രൂപ്പിന്റെ ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുത്ത രത്തന്‍ ടാറ്റ 2012 വരെ 21 വര്‍ഷം തുടര്‍ന്നു. പിന്നീട് ആ സ്ഥാനത്തേക്ക് സൈറസ് മിസ്ത്രി എത്തി. ടാറ്റ ഗ്രൂപ്പിന്റെ പ്രഖ്യാപിത നയങ്ങളില്‍ നിന്നും മൂല്യബോധത്തില്‍ നിന്നും വ്യതിചലിച്ചുകൊണ്ട് ലാഭം മാത്രം മുന്‍ നിര്‍ത്തി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതോടെ മിസ്ത്രിയെ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് പുറത്തിരുത്തി രത്തന്‍ ടാറ്റ 2016ല്‍ ഇടക്കാല ചെയര്‍മാനായി വീണ്ടുമെത്തി. ബിസിനസിലും ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലും ഒരുപോലെ മുഴുകി ജീവിച്ച വ്യക്തിയായിരുന്നു രത്തന്‍ ടാറ്റയെന്ന അവിവാഹിതന്‍.


സ്വന്തം സാമ്രാജ്യം കെട്ടിപ്പടുക്കുന്നതിനിടയിലും പുതുസംരംഭങ്ങള്‍ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനിടയിലും മാനുഷിക പരിഗണനകള്‍ക്ക് പ്രഥമസ്ഥാനം കല്പിച്ച അപൂര്‍വ്വ വ്യക്തിത്വം കൂടിയായിരുന്നു രത്തന്‍ ടാറ്റ. അദ്ദേഹം കമ്പനിയുടെ സാരഥ്യം ഏറ്റെടുത്തശേഷം ആരംഭം കുറിച്ച പദ്ധതികളിലെല്ലാം ഈ പരിഗണന ദര്‍ശിക്കാനാവും. സ്റ്റാര്‍ട്ടപ്പ് നിക്ഷേപങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കാട്ടിയിരുന്ന രത്തന്‍ടാറ്റ അതില്‍ സാമൂഹിക പ്രതിബദ്ധത കൂടി കണക്കിലെടുത്തിരുന്നു. മുതിര്‍ന്ന പൗരന്മാര്‍ക്ക് സഹായവും കൂട്ടും ഒരുക്കുന്ന ഗുഡ്‌ഫെലോസ് എന്ന സ്റ്റാര്‍ട്ടപ്പിലെ നിക്ഷേപവും വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള ഉല്പന്നങ്ങള്‍ ലഭ്യമാക്കുന്ന ഡോഗ് സ്‌പോട്ടിലെ നിക്ഷേപവുമെല്ലാം അദ്ദേഹത്തിന്റെ ഇത്തരം സമീപനങ്ങള്‍ക്ക് ഉദാഹരണങ്ങളാണ്. സാധാരണക്കാര്‍ക്കും കാറോടിച്ചു നടക്കാനായി നാനോ എന്ന പേരില്‍ ലോകത്തിലെ ഏറ്റവും വില കുറഞ്ഞ കുഞ്ഞന്‍കാറ് അദ്ദേഹം അവതരിപ്പിച്ചു. സാധാരണക്കാര്‍ക്കായി വില കുറഞ്ഞ സ്വച്ഛ് വാട്ടര്‍പ്യൂരിഫയറും മാര്‍ക്കറ്റിലെത്തിച്ചു.

2008ലെ മുംബയ് ഭീകരാക്രമണത്തില്‍ താജ് ഹോട്ടലിന്റെ ഒരു ഭാഗം കത്തിയമരുകയും പതിനഞ്ചോളം ജീവനക്കാര്‍ കൊല്ലപ്പെടുകയും ചെയ്തപ്പോള്‍ രത്തന്‍ടാറ്റയെന്ന ഉത്തരവാദിത്വവും കരുതലും കാരുണ്യവുമുള്ള സ്ഥാപന ഉടമയെ ആണ് കാണാനായത്. ഭീകരാക്രമണം നടന്നതിന് പിന്നാലെ താജ് ഹോട്ടല്‍ സന്ദര്‍ശിച്ച രത്തന്‍ ടാറ്റ ജീവനക്കാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും അടിയന്തര സഹായം നല്‍കുന്നതിനായി ഒരു ക്രൈസിസ് മാനേജ്‌മെന്റ് ടീം രൂപീകരിക്കുകയും ചെയ്തു. കൊല്ലപ്പെട്ട ജീവനക്കാരുടെ കുടുംബങ്ങളോട് സ്വന്തം കുടുംബാംഗങ്ങളോടെന്ന പോലെ പെരുമാറുകയും അവര്‍ക്ക് വൈകാരികവും സാമ്പത്തികവുമായ പിന്തുണയും അദ്ദേഹം നല്‍കി.


കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് സാമ്പത്തിക നഷ്ടപരിഹാരം, പെന്‍ഷന്‍, മരിച്ചവരുടെ കുട്ടികള്‍ക്കുള്ള വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകള്‍, അതിജീവിച്ച കുടുംബാംഗങ്ങള്‍ക്ക് തൊഴില്‍ തേടുന്നതിനുള്ള സഹായം എല്ലാം അദ്ദേഹം ചെയ്തുകൊടുത്തു. താജ് ഹോട്ടല്‍ ആക്രമണത്തിനുശേഷം അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിട്ടപ്പോഴും ഒരു ജീവനക്കാരനെപ്പോലും പിരിച്ചുവിടാതെ കൃത്യമായി ശമ്പളം നല്‍കാനും അദ്ദേഹം ഏര്‍പ്പാട് ചെയ്തു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരചരിത്രത്തോട് ബന്ധപ്പെട്ടിരിക്കുന്ന താജ് ഹോട്ടലിനോട് ടാറ്റ കുടുംബത്തിന് വൈകാരികബന്ധമാണുള്ളത്. ബ്രിട്ടീഷ് ഇന്ത്യയില്‍ മുന്തിയ ഹോട്ടലുകളില്‍ ഭക്ഷണം കഴിക്കാന്‍ വിദേശികള്‍ക്കുമാത്രമായിരുന്നു അവകാശമുണ്ടായിരുന്നത്.

രത്തന്‍ ടാറ്റയുടെ പിതാമഹന്‍ ജംഷഡ്ജി ടാറ്റ വാട്‌സണ്‍സ് ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ പോയതും പാറാവുകാരന്‍ അദ്ദേഹത്തെ അപമാനിച്ചുവിട്ടതും തുടര്‍ന്ന് 1903ല്‍ ഇന്ത്യയുടെ പൈതൃകമായ താജ് മഹലിന്റെ പേരില്‍ ടാറ്റ താജ് മഹല്‍ പാലസ് ഹോട്ടല്‍ സ്ഥാപിച്ചതും ചരിത്രം. മുംബയിലെ ലാന്‍ഡ് മാര്‍ക്ക് ഹോട്ടലുകളില്‍ ഏറ്റവും മികച്ചതായ ടാജ് ഹോട്ടല്‍ ഒരു പ്രതികാരത്തിന്റെ പ്രതീകം കൂടിയാണ്. രത്തന്‍ ടാറ്റ 1991ല്‍ ടാറ്റ കമ്പനിയുടെ ആദ്യ കാര്‍ അവതരിപ്പിച്ചപ്പോഴും അധിക്ഷേപങ്ങള്‍ അനുഭവിക്കേണ്ടിവന്നിട്ടണ്ട്. ടാറ്റയുടെ യാത്രാകാര്‍ ശ്രേണികള്‍ കമ്പനിക്ക് വലിയ സാമ്പത്തിക നഷ്ടം വരുത്തിവച്ചപ്പോള്‍ രത്തന്‍ ടാറ്റ ഫോര്‍ഡ് കമ്പനിയുമായി പങ്കാളിത്തത്തിന് ശ്രമിച്ചു.

ഫോര്‍ഡ് ചെയര്‍മാന്‍ ബില്‍ഫോര്‍ഡ് രത്തന്‍ ടാറ്റയും അംഗങ്ങളും എത്തിയപ്പോള്‍ അവരെ അധിക്ഷേപിക്കുന്ന തരത്തിലാണ് സംസാരിച്ചത്. 2000ല്‍ ഫോര്‍ഡ് കമ്പനി കടക്കെണിയിലായപ്പോള്‍ അവരെ സഹായിക്കാന്‍ ജാഗ്വര്‍ ലാന്‍ഡ് റോവറെന്ന ഫോര്‍ഡിന്റെ ഉപകമ്പനിയെ ഏറ്റെടുത്ത് രത്തന്‍ടാറ്റ മധുരമായി പകരം വീട്ടുകയായിരുന്നു. മാത്രമല്ല, ഫോര്‍ഡിന്റെ ഗുജറാത്തിലെ ഫാക്ടറിയും പൂര്‍ണ്ണമായും ഏറ്റെടുത്ത് അവരുടെ പ്രവര്‍ത്തനം ഇന്ത്യയില്‍ നിര്‍ത്തിച്ചു. ഇന്ന് ടാറ്റ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത വാഹനങ്ങള്‍ വിദേശ വാഹനങ്ങളെ വെല്ലുന്ന ഗുണനിലവാരത്തില്‍ നിര്‍മ്മിക്കപ്പെടുകയും വിപണിയില്‍ മുമ്പന്തിയില്‍ നില്‍ക്കുകയും ചെയ്യുന്നു.


ഇന്ത്യയുടെ ഐ.ടി. പവര്‍ഹൗസായി ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വ്വീസിനെ വളര്‍ത്തിക്കൊണ്ടുവന്നതും രത്തന്‍ടാറ്റയുടെ വലിയ നേട്ടങ്ങളിലൊന്നാണ്. ടാറ്റ ഗ്രൂപ്പിന്റെ ഏറ്റവും വലിയ വ്യവസായം ജെ.ആര്‍.ഡിയുടെ കാലത്ത് സ്റ്റീല്‍ ആയിരുന്നെങ്കില്‍ ഇന്ന് ടാറ്റ ഗ്രൂപ്പിന്റെ പതാകാവാഹക കമ്പനി ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വ്വീസ് ആണ്. 1932ല്‍ ജെ.ആര്‍.ഡിയുടെ ടാറ്റ തുടക്കം കുറിച്ച ടാറ്റ എയര്‍ലൈന്‍സ് 1940ല്‍ വാണിജ്യസേവനം തുടങ്ങുകയും 1946ല്‍ എയര്‍ഇന്ത്യ ലിമിറ്റഡ് ആക്കുകയും ചെയ്ത കമ്പനിയെ 1953ല്‍ ജവഹര്‍ലാല്‍ നെഹ്രു ദേശസാല്‍ക്കരിച്ച് ഏറ്റെടുത്തത് ടാറ്റാ കുടുംബത്തിന്റെ നഷ്ടബോധങ്ങളിലൊന്നായിരുന്നു. സര്‍ക്കാരുകളുടെ പിടിപ്പുകേടുകള്‍കൊണ്ട് നഷ്ടത്തില്‍നിന്ന് നഷ്ടത്തിലേക്ക് കൂപ്പുകുത്തിയ എയര്‍ഇന്ത്യയെ 2022ല്‍ രത്തന്‍ ടാറ്റ വീണ്ടും ടാറ്റാ കുടുംബത്തിലേക്ക് കൊണ്ടുവന്നത് അദ്ദേഹത്തിന്റെ വ്യക്തിപരമായ സന്തോഷവും നേട്ടവുമായിരുന്നു.


ഇന്ന് ലോത്തെ ഒട്ടേറെ കമ്പനികളില്‍ രത്തന്‍ ടാറ്റ വന്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. അതേസമയം, കാന്‍സര്‍ കെയര്‍, വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ്, ലോകോത്തര വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ ലാഭം നോക്കാതെ ടാറ്റ ഗ്രൂപ്പ് നടത്തിവരുന്നു. എല്ലാത്തിനും പിന്നില്‍ രത്തന്‍ടാറ്റ എന്ന ദീര്‍ഘദര്‍ശിയായ മനുഷ്യനാണ്. മാനവ കുലത്തിനും രാജ്യത്തിനും അദ്ദേഹം നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് രാജ്യവും ലോകവും അദ്ദേഹത്തെ നിരവധിയായ പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചിട്ടുണ്ട്. ''ജീവിതത്തിലെ ഉയര്‍ച്ച താഴ്ചകള്‍ നമ്മെ മുന്നോട്ടുകൊണ്ടുപോകാന്‍ വളരെ പ്രധാനമാണ്. ഒരു ഇസിജിയില്‍ പോലും ഒരു നേര്‍രേഖ നമ്മള്‍ ജീവിച്ചിരിപ്പില്ല എന്നാണ് അര്‍ത്ഥമാക്കുന്നത്. " എന്ന് ടാറ്റ പറയുമ്പോള്‍ ബിസിനസ് സാമ്രാജ്യങ്ങള്‍ക്കപ്പുറം മനുഷ്യ ജീവിതത്തിന്റെ കേവലതയെയാണ് അദ്ദേഹം ചൂണ്ടികാട്ടുന്നത്.


''ദീര്‍ഘവീക്ഷണമുള്ള വ്യവസായി. എല്ലാവരോടും കാരുണ്യം പുലര്‍ത്തിയ അസാധാരണനായ മനുഷ്യന്‍. ഇന്ത്യയുടെ പ്രൗഢമായ വ്യവസായ ശൃംഖലയ്ക്ക് അദ്ദേഹം കരുത്തുറ്റ നേതൃത്വം നല്‍കി. അദ്ദേഹം നല്‍കിയ സംഭാവനകള്‍ക്ക് രാജ്യം കടപ്പെട്ടിരിക്കുന്നു.''- പ്രധാനമന്ത്രി നരേന്ദ്രമോഡി പറഞ്ഞ ഈ വാക്കുകള്‍ സാധൂകരിക്കുന്നതായിരുന്നു രത്തന്‍ ടാറ്റയുടെ ജീവിതം.

* ( ഫൊക്കാന മുൻ പ്രസിഡന്റും നാമം ( യു.എസ്.എ) ഫൗണ്ടർ പ്രസിഡൻ്റുമാണ് ലേഖകൻ)